| Tuesday, 7th January 2025, 7:32 pm

കെ.എഫ്‌.സി ആർ.സി.എഫ്‌.എല്ലിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം; കെ.എഫ്‌.സി മാനേജ്മെന്റ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എഫ്‌.സി ആർ.സി.എഫ്‌.എല്ലിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന്‌ കെ.എഫ്‌.സി മാനേജ്മെന്റ്‌. ‘കേന്ദ്രനിയമമായ സ്‌റ്റേറ്റ്‌ ഫിനാൻഷ്യൽ കോർപറേഷൻസ്‌ ആക്ടിന്റെ വകുപ്പ്‌ 34 അനുസരിച്ച്‌ കെ.എഫ്‌.സിയുടെ നിക്ഷേപ തീരുമാനങ്ങളെല്ലാം കെ.എഫ്‌.സി ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടെയാണ്‌ നടത്തിയിട്ടുള്ളത്‌.

2016 ജൂൺ 28ന്‌ ചേർന്ന ബോർഡ്‌ യോഗം 250 കോടി രൂപ അധിക ധനസമാഹരണം നടത്തുവാൻ തീരുമാനിച്ചു. പ്രവർത്തന മൂലധനം ഉയർത്താൻ 250 കോടി രൂപ പണവിപണിയിൽനിന്ന്‌ സമാഹരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന്‌ കമ്പനിയുടെ അന്നുണ്ടായിരുന്ന റേറ്റിങ്‌ ഉയർത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബോർഡ്‌ തീരുമാനം. നിഷ്‌ക്രിയ ആസ്‌തി കൂടിയിരുന്നതിനാൽ ആ വർഷം ക്രെഡിറ്റ്‌ റേറ്റിങ്‌ ഉയർത്തലും കടപത്രം ഇറക്കി 250 കോടി രൂപ അധിക ധനസമാഹരണം നടത്തലും സാധ്യമായില്ല.
തുടർന്ന്‌ 2017 ജൂലൈ മൂന്നിന് ചേർന്ന ബോർഡ്‌ യോഗം ക്രെഡിറ്റ്‌ റേറ്റിങ്‌ എ.എ എന്നതിലേക്ക്‌ ഉയർത്താനും, വിപണിയിൽ നിന്ന്‌ 500 കോടി രൂപ സമാഹരിക്കാനുമുള്ള നടപടികൾ എടുക്കാൻ എം.ഡിയെ ചുമതലപ്പെടുത്തി. റേറ്റിങ്‌ ഉയർത്തുന്നതിന്‌ ആർ.ബി.ഐ, സെബി തുടങ്ങിയ അംഗീകൃത ക്രെഡിറ്റ് റേറ്റിങ്‌ ഏജൻസികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്‌ എ.എ പ്ലസ്‌ റേറ്റിങ്‌ ഉള്ള ആർ.സി.എഫ്‌.എല്ലിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചത്‌. അന്ന്‌ വിപണിയിലുണ്ടായിരുന്ന ഏറ്റവും മികച്ച നിരക്കായ 9.10 ശതമാനം വരുമാനവും പരിഗണിച്ചായിരുന്നു തീരുമാനം. ആർ.ബി.ഐ, സെബി അംഗീകൃത ക്രെഡിറ്റ് റേറ്റിങ്‌ ഏജൻസികൾ എ.എ പ്ലസ്‌ റേറ്റിങ്‌ നൽകുന്ന ഒരു സ്ഥാപനത്തിൽ നിക്ഷേപിക്കുന്നത്‌ നഷ്ടസാധ്യത കുറയുമെന്നതും പരിഗണിച്ചിരുന്നു.

2017-18ൽ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടേതുമായി 10,000 കോടിയോളം രൂപ ആർ.സി.എഫ്‌.എല്ലിൽ നിക്ഷേപമുണ്ടായിരുന്നു. ആ സ്ഥാപനം കടുത്ത പ്രതിസന്ധിയിൽ ആകുന്നതിന് മുൻപ് വരെ വായ്‌പകളുടെ തിരിച്ചടവ്‌ കൃത്യമായിരുന്നു. ആർ.സി.എഫ്‌.എല്ലിന്റെ മാതൃകമ്പനിയായ റിലയൻസ്‌ ക്യാപ്പിറ്റലിന്റെ വായ്‌പാ മൂലധന അനുപാതവും മികച്ചതായിരുന്നു. 2018 ജൂണിനുശേഷം പണവിപണിയിലുണ്ടായ പ്രതിസന്ധികളും ചില പ്രധാന NBFCകളുടെ തകർച്ചയും ആർ.സി.എഫ്‌.എല്ലിനെയും ബാധിച്ചതാണ്‌ കെ.എഫ്‌.സിയുടെ നിക്ഷേപം തിരിച്ചുകിട്ടുന്നത്‌ പ്രതിസന്ധി ഉണ്ടാക്കിയത്‌.

റിലയൻസ്‌ കമ്മ്യുണിക്കേഷൻ എന്ന സബ്‌സിഡിറി കമ്പനിയ്‌ക്ക്‌ മാതൃകമ്പനിയായ റിലയൻസ്‌ ക്യാപിറ്റലിൽ ഉണ്ടായിരുന്ന ബാധ്യതകൾ കണക്കിലെടുത്താണ്‌ പിന്നീട്‌ ആർ.സി.എഫ്‌.എല്ലിനെ ക്രെഡിറ്റ് വാച്ചിങ്‌ റേറ്റിങ്ങിൽ റേറ്റിങ്‌ ഏജൻസികൾ ഉൾപ്പെടുത്തിയത്‌,’ മാനേജ്മെന്റ് വ്യക്തമാക്കി.

ആർ.സി.എഫ്‌.എല്ലിലെ നിക്ഷേപം കെ.എഫ്‌.സി ഒരു ഘട്ടത്തിലും മറച്ചുവച്ചിട്ടില്ലെന്നും 2016 മെയ്‌ മാസത്തിൽ ക്രെഡിറ്റ് റേറ്റിങ്‌ മെച്ചപ്പെടുത്തലിന്റെ ഭാഗമായി 50 കോടി രൂപ ഷെഡ്യൂൾഡ്‌ ബാങ്കിൽ നിക്ഷേപിച്ചപ്പോൾ ‘ബാങ്കുകളുമായുള്ള ടേം ഡെപ്പോസിറ്റ്‌’ എന്ന തലക്കെട്ടിൽ വാർഷിക റിപ്പോർട്ടിൽ കാട്ടി എന്നും മാനേജ്മെന്റ് കൂട്ടിച്ചേർത്തു. 2018ൽ ക്രെഡിറ്റ് റേറ്റിങ്‌ മെച്ചപ്പെടുത്തലിന്റെ ഭാഗമായി 60.80 കോടി രൂപ ആർ.സി.എഫ്‌എല്ലിൽ നിക്ഷേപിച്ചപ്പോൾ, ടേം ഡെപ്പോസിറ്റുകൾ/എൻ.സി.ഡി എന്ന തലക്കെട്ടിൽ വാർഷികറിപ്പോർട്ടിൽ ഉൾപ്പെടുത്തി. തുടർന്ന്‌ എല്ലാ വർഷവും ഇത്‌ വാർഷികറിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മാനേജ്മെന്റ് പറഞ്ഞു.

‘ആർ.സി.എഫ്‌.എൽ തങ്ങളുടെ വായ്‌പാബാധ്യതകൾ തിരിച്ചുനൽകുന്നതിൽ വീഴ്‌ച വരുത്തിയതോടെ ആർ.ബി.ഐ ഇടപെട്ട്‌ പ്രശ്‌നപരിഹാരത്തിന്‌ തുടക്കം കുറിച്ചു. വായ്പ നൽകിയ പ്രധാനപ്പെട്ട ബാങ്കുകളിൽ നിന്നും ബാങ്ക്‌ ഓഫ്‌ ബറോഡയെ ലീഡ്‌ ബാങ്കായി പരിഹാര പദ്ധതി തയ്യാറാക്കാൻ നിയോഗിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കക്ഷികളെയെല്ലാം ചേർത്ത്‌ നിക്ഷേപകരുമായി ഒരു ധാരണപത്രം ഉണ്ടാക്കി. അതനുസരിച്ച്‌ ആർ.സി.എഫ്‌.എല്ലിലെ വിവിധ നിക്ഷേപങ്ങളുടെ തരംതിരിവ്‌ നടത്തിയപ്പോൾ, കെ.എഫ്‌.സി നിക്ഷേപിച്ചതിന്റെ 24.96 ശതമാനം മടക്കിക്കിട്ടുമെന്ന നിലയാണ്‌ ഉണ്ടായത്‌.

ഇത്‌ കെ.എഫ്‌.സി അംഗീകരിച്ചില്ലെന്ന് മാത്രമല്ല തർക്കം ഉന്നയിച്ച്‌ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ആർ.സി.എഫ്‌.എല്ലിന്റെ ആസ്‌തി ബാധ്യതകൾ ഏറ്റെടുക്കുന്നതിന്‌ നടത്തിയ ടെണ്ടറിൽ ഓതം എന്ന കമ്പനി തെരഞ്ഞെടുക്കപ്പെട്ടു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഹരജിയുടെ അടിസ്ഥാനത്തിൽ ചർച്ചയ്‌ക്ക്‌ തയ്യാറായ ഓതം, കെ.എഫ്‌.സിക്കുമാത്രം നിക്ഷേപത്തിന്റെ 52 ശതമാനം വരെ മടക്കിനൽകാമെന്ന വാഗ്‌ദാനം മുന്നോട്ടുവച്ചു. ഈ വാഗ്‌ദാനം നിലനിൽക്കുമ്പോഴും നിക്ഷേപിച്ച മുഴുവൻ തുകയും തിരികെ ലഭിക്കാനായി മുംബൈ ഹൈക്കോടതിയിലെ നിയമ നടപടികൾ കെ.എഫ്‌.സി തുടരുകയാണ്‌,’ മാനേജ്മെന്റ് കൂട്ടിച്ചേർത്തു. വസ്‌തുതകൾ ഇതാണെന്നും കെ.എഫ്‌.സിയുടെ മികച്ച പ്രവർത്തന മുന്നേറ്റത്തെ തകർക്കുന്ന പ്രചാരണങ്ങളിൽ നിന്ന്‌ ബന്ധപ്പെട്ടവർ പിന്മാറണമെന്നും കെ.എഫ്‌.സി മാനേജ്മെന്റ്‌ അഭ്യർത്ഥിക്കുകയും ചെയ്തു.

Content Highlight: Allegations regarding KFC’s investment in RCFL are baseless; KFC Management

We use cookies to give you the best possible experience. Learn more