ഭോപ്പാല്‍: 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്‌സിന്‍ പരീക്ഷിച്ചതായി പരാതി. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്‌സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍ നടത്തിയത്.
ട്രയല്‍ പരീക്ഷിക്കുമ്പോള്‍ കൊവിഡില്‍ നിന്ന് രക്ഷ നേടാനാണ് ഇന്‍ജക്ഷന്‍ എടുക്കുന്നതെന്ന് മാത്രമാണ് തങ്ങളോട് പറഞ്ഞതെന്ന് വാക്‌സിന്‍ കുത്തിവെച്ചവര്‍ പറയുന്നു.
പഴയ യൂനിയന്‍ കാര്‍ബൈഡിനടുത്ത് സ്ഥിതി ചെയ്യുന്ന ഗരീബ് നഗറിലും ശങ്കര്‍ നഗറിലും ജെ. പി നഗറിലുമായി താമസിക്കുന്ന ആളുകളിലാണ് മെഡിക്കല്‍ ടീം എത്തി വാക്‌സിന്‍ ട്രയല്‍ നടത്തിയത്.
വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പേപ്പറുകള്‍ നല്‍കിയതെന്നും ആരോപണമുണ്ട്.
250ലെറെ പേര്‍ സമ്മത പത്രത്തില്‍ ഒപ്പിട്ട് നല്‍കിയെങ്കിലും പലരോടും ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പറഞ്ഞ് കൊടുക്കുകയോ സമ്മത പത്രത്തിന്റെ കോപി നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം.
‘ഒരു പാര്‍ശ്വഫലത്തെക്കുറിച്ചും ഇന്‍ജക്ഷന്‍ എടുക്കുന്ന സമയത്ത് പറഞ്ഞു തന്നിട്ടില്ല,’ ഒരു പ്രദേശവാസി പറയുന്നു.
‘കൊവിഡിനെ പ്രതിരോധിക്കാന്‍ ഇത് നല്ലതാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് വാക്‌സിന്‍ തരാന്‍ പോകുകയാണ്. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ ഞങ്ങളെ വിളിക്കണമെന്നും പറഞ്ഞു,’ മറ്റൊരു പ്രദേശവാസിയായ സ്ത്രീ എന്‍.ഡി.ടിവിയോട് പറഞ്ഞു.
തനിക്ക് എഴുതാനറിയില്ലെന്ന് പറഞ്ഞപ്പോള്‍ കുത്തിവെച്ചതിന് ശേഷം എന്തെങ്കിലും കുഴപ്പം തോന്നുകയാണെങ്കില്‍ മെഡിക്കല്‍ ടീമിനെ വിളിച്ചാല്‍ മതിയെന്നാണ് പറഞ്ഞതെന്ന് മറ്റൊരാള്‍ പറയുന്നു.
‘എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. എന്തെങ്കിലും കുഴപ്പം വരികയാണെങ്കില്‍ അവര്‍ നോക്കിക്കോളുമെന്ന് പറഞ്ഞു. കുഴപ്പമൊന്നുമുണ്ടാകില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഇല്ല എന്ന് അവര്‍ പറഞ്ഞു. പക്ഷെ വാക്‌സിന്‍ എടുത്ത ദിവസം തൊട്ട് എനിക്ക് സുഖമില്ല. ഡിസംബര്‍ 14 ന് പരിശോധിക്കാനായി ചെന്നെങ്കിലും അവര്‍ എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുകയായിരുന്നു,’ യുവാവ് പറയുന്നു.
ഇരകള്‍ക്ക് നിര്‍ദേശങ്ങളും രേഖകളും നല്‍കാതെ എങ്ങനെ വാക്‌സിനെ വിശ്വാസത്തിലെടുക്കുമെന്നാണ് ഭോപാല്‍ ദുരന്തത്തിലെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ചോദിച്ചത്.
‘ഭോപാല്‍ ദുരന്തത്തിലെ ഇരകള്‍ക്ക് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കാതെയും അനുമതി വാങ്ങാതെയും കൊവാക്‌സിന്‍ നല്‍കി എന്നതു മാത്രമല്ല പ്രശ്‌നം. നല്‍കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കുകയോ കൃത്യമായി പരിശോധിക്കപ്പെടുകയോ ചെയ്യാത്ത ഒരു വാക്‌സിനെ എങ്ങനെ വിശ്വസിക്കും എന്നുള്ളത് കൂടിയാണ്,’ ആക്ടിവിസ്റ്റ് ചോദിക്കുന്നു.
പീപ്പിള്‍സ് കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഉദ്യോഗസ്ഥരാണ് ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ അവര്‍ ഈ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. കോളെജ് ഡീന്‍ എ. കെ ദീക്ഷിത് ആണ് ആരോപണങ്ങള്‍ തള്ളിയത്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് ദീക്ഷിത് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക