| Sunday, 29th November 2020, 8:47 pm

വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്‌നം; 5 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊവിഷീല്‍ഡ് വാക്സിന്റെ നിര്‍മാണവും വിതരണവും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശി.

കൊവിഡ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാക്‌സിന്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യമുയരുന്നത്.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മാനസികപ്രശ്‌നങ്ങളും ഉണ്ടായെന്നാണ് ആരോപണം. ചെന്നൈ സ്വദേശിയായ 40 വയസ്സുള്ള ബിസിനസ് കണ്‍സള്‍ട്ടന്റാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബര്‍ ഒന്നിന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇയാള്‍ വാക്‌സിന്‍ എടുത്തത്.

നിലവില്‍ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ദീര്‍ഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും ആരോഗ്യത്തെക്കുറിച്ചുള്ള കടുത്ത ആശങ്കയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അതിനാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുകയായ അഞ്ച് കോടിരൂപ നല്‍കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

അതേസമയം പരാതിക്കാരന്റെ ആരോഗ്യനിലയിലുണ്ടായ മാറ്റങ്ങളെപ്പറ്റി പരിശോധന നടത്തിവരികയാണെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്സ് കമ്മിറ്റിയും അറിയിച്ചു.

പരീക്ഷണത്തില്‍ പങ്കെടുത്ത വോളന്റിയറുടെ നിര്‍ദ്ദേശ പ്രകാരം ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍, ഡി.ജി.സി.ഐ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് അഭിഭാഷക സ്ഥാപനം നോട്ടീസ് അയച്ചിട്ടുണ്ട്.

ആസ്ട്രസെനക്ക സി.ഇ.ഒ, പ്രൊഫസര്‍ ആന്‍ഡ്രൂ പൊള്ളാഡ്, ഓക്സ്ഫഡ് വാക്സിന്‍ പരീക്ഷണത്തിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍, ശ്രീ രാമചന്ദ്രാ ഹയര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ വൈസ് ചാന്‍സലര്‍ എന്നിവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊവിഷീല്‍ഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള ലൈസന്‍സ് തേടി അധികൃതരെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവാല പറഞ്ഞിരുന്നു.

എന്നാല്‍ ചെന്നൈ സ്വദേശിയുടെ ആരോപണത്തില്‍ പെട്ടെന്ന് ഒരു. നിഗമനത്തില്‍ എത്തുന്നതും അന്വേഷണം നടത്തുന്നതും ശരിയാവില്ലെന്ന് ഐ.സി.എം.ആറിന്റെ എപ്പിഡമോളജി ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസസ് ഡിവിഷന്‍ തലവന്‍ സമീരന്‍ പാണ്ഡ പറഞ്ഞിരുന്നു.

പരീക്ഷണ ഘട്ടത്തിലുള്ള കൊവിഡ് വാക്സിന്‍ വിപരീത ഫലമുണ്ടാക്കിയോ എന്നതിനെപ്പറ്റി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്സ് കമ്മിറ്റിയും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Allegations aganist Covid vaccine

We use cookies to give you the best possible experience. Learn more