| Friday, 30th June 2023, 12:27 pm

അവരെ ഹോട്ടലില്‍ പോലും കയറ്റിയില്ല, ടീമിന്റെ നെടുംതൂണുകളോട് കാണിച്ചത് നീതികേട്; രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുരുതര ആരോപണം

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോല്‍സ് തങ്ങളുടെ നെറ്റ് ബൗളേഴ്‌സിനെ വേണ്ട വിധം പരിഗണിച്ചില്ലെന്ന ആരോപണവുമായി സീനിയര്‍ ജേണലിസ്റ്റ് വിക്രാന്ത് ഗുപ്ത. ടീം ഹോട്ടലിന് പകരം അവരെ അക്കാദമിയില്‍ തന്നെ താമസിപ്പിക്കുകയായിരുന്നുവെന്നും അവര്‍ക്ക് ന്യായമായ വേതനം പോലും നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്‌പോര്‍ട്‌സ് തക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓരോ നെറ്റ് ബൗളേഴ്‌സിനും 1.5 ലക്ഷം രൂപ വീതം നല്‍കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 50,000 രൂപ മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

‘രാജസ്ഥാന്‍ റോയല്‍സിന്റെ നെറ്റ് ബൗളര്‍മാര്‍ക്ക് ടീമിന്റെ ഹോട്ടലില്‍ പ്രവേശിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. അവരെ അക്കാദമിയിലെ റൂമുകളിലായിരുന്നു താമസിപ്പിച്ചിരുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ നെറ്റ് ബൗളര്‍മാര്‍ക്ക് 1.5 ലക്ഷം രൂപ നല്‍കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്നര മാസത്തെ അവരുടെ അധ്വാനത്തിന് വെറും 50,000 രൂപ മാത്രമാണ് പ്രതിഫലം നല്‍കിയത്,’ വിക്രാന്ത് ഗുപ്ത പറഞ്ഞു.

ടീമിലെ എല്ലാ  നെറ്റ് ബൗളേഴ്‌സിനുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒമ്പത് ലക്ഷം രൂപ (ഏകദേശം 11,000 അമേരിക്കന്‍ ഡോളര്‍) ചെലവാക്കിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് ലക്ഷം മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടന്നപ്പോള്‍ നെറ്റ് ബൗളേഴ്‌സിനെ ഓയോ റൂമിലാണ് താമസിപ്പിച്ചിരുന്നതെന്ന് മറ്റൊരു ജേണലിസ്റ്റും പറഞ്ഞു.

ഇത്തരമൊരു ആരോപണമുണ്ടായതിന് ശേഷവും രാജസ്ഥാന്‍ റോയല്‍സ് ഇതുവരെ ഒരു തരത്തിലുമുള്ള പ്രസ്താവനയും നടത്തിയിട്ടില്ല.

രജനീഷ് ഗുര്‍ബാനി, വിജയ്കാന്ത് വിയാസ്‌കാന്ത്, അനൂപ്, കാര്‍ത്തിക്, ശുഭം യാദവ്, വിഹാന്‍ ലുബേ, ഇവാന്‍ ജോണ്‍സ് എന്നിവരായിരുന്നു സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റര്‍മാര്‍ക്കായി നെറ്റ്‌സില്‍ പന്തെറിഞ്ഞത്.

കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ പ്ലേ ഓഫ് പോലും കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരങ്ങളില്‍ പുറത്തെടുത്ത മികവ് തുടര്‍ന്നു നിലനിര്‍ത്താന്‍ സാധിക്കാതെ പോയതാണ് സഞ്ജുവിനും കൂട്ടര്‍ക്കും വിനയായത്.

14 മത്സരത്തില്‍ നിന്നും ഏഴ് ജയവും ഏഴ് തോല്‍വിയുമാണ് രാജസ്ഥാന്‍ റോയല്‍സിനുണ്ടായിരുന്നത്.

Content highlight: Allegations against Rajasthan Royals

We use cookies to give you the best possible experience. Learn more