| Monday, 8th January 2024, 1:26 pm

മുതുകാടിനെതിരെയുള്ള പരാതികൾ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയം: മന്ത്രി ആർ. ബിന്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗോപിനാഥ് മുതുകാടിനെതിരായ പരാതികൾ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു.

പരാതി പറഞ്ഞവരാരും സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും താൻ മന്ത്രിയായ ശേഷം സാമൂഹ്യനീതി വകുപ്പിന്റെ സഹായം സ്ഥാപനത്തിന് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

‘വളരെയേറെ ശ്രദ്ധ ആകർഷിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മുതുകാടിന്റേത്. ഈ അടുത്ത ദിവസങ്ങളിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ചില രക്ഷിതാക്കളും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചില സുഹൃത്തുക്കളും ചില കാര്യങ്ങൾ പറഞ്ഞുകൊണ്ട് രംഗത്ത് വന്നത്.

അവരാരും തന്നെ സാമൂഹ്യനീതി വകുപ്പിനോ മന്ത്രി എന്ന നിലയിൽ എനിക്കോ ഒരു പരാതി എന്ന രൂപത്തിൽ ഒന്നും തന്നിട്ടില്ല.

എന്നാൽപോലും ഇത് വളരെ ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ഇപ്പോൾ ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു വരുന്നത് നന്നാകും എന്നാണ് കരുതുന്നത്,’ മന്ത്രി പറഞ്ഞു.

ഗോപിനാഥ് മുതുകാടിനും തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ മുൻ ജീവനക്കാരൻ സി.പി. ശിഹാബ് കഴിഞ്ഞദിവസം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

അക്കാദമിയിൽ അതിഥികൾക്കു മുന്നിൽ ഷോ ചെയ്യുമ്പോൾ സ്റ്റേജിലേക്ക് വീൽചെയറിൽ വരാൻ അനുവദിക്കാറില്ലെന്നും വേദിയിലൂടെ നിരങ്ങി വന്ന് വീൽചെയറിൽ കയറിയാലേ സഹതാപം കിട്ടൂ എന്നായിരുന്നു മുതുകാടിന്റെ നിലപാടെന്നും വാർത്താ സമ്മേളനത്തിൽ ശിഹാബ് ആരോപിച്ചു.

ഓട്ടിസം മുതൽ മാനസിക വെല്ലുവിളി വരെ നേരിടുന്ന കുട്ടികൾക്ക് യഥാസമയം ഭക്ഷണം നൽകാറില്ലായിരുന്നു എന്നും അതിഥികളെ തൃപ്തിപ്പെടുത്തൽ ആയിരുന്നു ഇവരുടെ പ്രധാന ജോലി എന്നും ശിഹാബ് പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ പരിശീലനം ലഭിച്ചവർ ഉണ്ടായിരുന്നില്ല എന്നും താനും ഒരു കുട്ടിയുടെ അമ്മയുമാണ് കുട്ടികളെ പരിചരിച്ചിരുന്നത് എന്നും ശിഹാബ് പറഞ്ഞിരുന്നു.

നേരത്തെ മുതുകാടിനെതിരെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ മുൻനിർത്തി മുതുകാട് മാജിക് പ്ലാനറ്റിലൂടെ പണം സ്വരൂപിക്കുകയാണ് എന്നായിരുന്നു ആരോപണം.

Content Highlight: Allegations against Gopinath Muthukad should be addressed seriously says Social Justice Minister R. Bindhu

We use cookies to give you the best possible experience. Learn more