തിരുവനന്തപുരം: സാധാരണക്കാരായ പ്രവര്‍ത്തകരെ ചൂഷണം ചെയ്താണ് നേതാക്കള്‍ കോടികളുടെ ഉടമയായതെന്ന ആരോപണവുമായി ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ബി.ജെ.പി കാട്ടാക്കട മണ്ഡലം സെക്രട്ടറി ഷാജിലാല്‍ വണ്ടന്നൂര്‍, യുവമോര്‍ച്ച കാട്ടാക്കട മണ്ഡലം സെക്രട്ടറി ദേവരാജന്‍, ഒ.ബി.സി മോര്‍ച്ച മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനി നെല്ലിക്കാട് എന്നിവരാണ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
സംസ്ഥാന നേതാക്കളുടെ അഴിമതിയിലും ഗ്രൂപ്പുകളിയിലും പ്രതിഷേധിച്ച് തങ്ങള്‍ രാജിവെക്കുകയാണെന്നും ഇവര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാണിക്കുന്നതാതണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ ബലിയാടുകളാക്കി കോടികള്‍ സമ്പാദിക്കുന്ന നേതാക്കളുടെ അധോലോക സംഘമായി ബി.ജെ.പി കേരള ഘടകം മാറിയെന്നും ഇവര്‍ ആരോപിക്കുന്നു.
വരുംദിവസങ്ങളില്‍ 200ഓളം പാര്‍ട്ടി പ്രവര്‍ത്തകരും രാജിവെച്ചു തങ്ങളോടൊപ്പം വരുമെന്ന് ഇവര്‍ അവകാശപ്പെട്ടു.
മെഡിക്കല്‍ കോളജ് അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ചോര്‍ന്നതിനു പിന്നാലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ മറവിലും നേതാക്കള്‍ കോടികള്‍ തട്ടിയതായി കഴിഞ്ഞദിവസം ആരോപണമുയര്‍ന്നിരുന്നു. ഇതിനു പുറമേ മലപ്പുറത്ത് ബാങ്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞ് ചിലരില്‍ നിന്നും നേതാക്കള്‍ പണം തട്ടിയതായും ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുന്നത്.