അമൃതാനന്ദമയിക്കെതിരെയുള്ള വെളിപ്പെടുത്തല്‍: ഗെയ്‌ലിനും മാധ്യമങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവ്
Kerala
അമൃതാനന്ദമയിക്കെതിരെയുള്ള വെളിപ്പെടുത്തല്‍: ഗെയ്‌ലിനും മാധ്യമങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th March 2014, 4:04 pm

[share]

[]കൊച്ചി:അമൃതാനന്ദമയിക്കെതിരെയുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്ലിനും മാധ്യമങ്ങള്‍ക്കുമെതിരെ കേസ്.

അഞ്ച് മാധ്യമങ്ങള്‍ക്കെതിരെയാണ് നിലവില്‍ കേസെടുക്കാന്‍ നിര്‍ദേശം. എറണാകുളം സി.ജെ.എം കോടതിയുടെതാണ് നിര്‍ദേശം.

ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ ചാനലുകള്‍ക്കും മാധ്യമം, തേജസ് എന്നീ ദിനപത്രങ്ങള്‍ക്കുമെതിരെയാണ് കേസെടുക്കുക. പാലാരിവട്ടം പോലീസിനാണ് കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

നേരത്തേ ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിന് കൈരളി പീപ്പിള്‍ ചാനലിനെതിരെ വക്കീല്‍ നോട്ടീസയച്ചിരുന്നു.

ഗെയ്‌ലുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്താല്‍ കോടതി കയറ്റുമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

അമ്മക്കെതിരെ ഗെയിലിന്റെ ആരോപണങ്ങള്‍ വന്നതിന് ശേഷം ആദ്യമായാണ് അമ്മ നിയമനടപടിയുമായി വരുന്നത്. അമ്മക്ക് പുറമെ അമൃതാത്മാനന്ദ, അമൃത സ്വരൂപാനന്ദ എന്നിവരും ചാനലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മൂവരും ഗെയ്‌ലിന്റെ വെളിപ്പെടുത്തലില്‍ ആരോപണവിധേയരാണ്.

അമൃതാനന്ദമയിയുടെ വിശ്വസ്ത ശിഷ്യയായിരുന്ന ഓസ്‌ട്രേലിയ സ്വദേശിനി ഗെയ്ല്‍ ട്രെഡ്‌വെല്‍ തന്റെ “ഹോളി ഹെല്‍ എ മെമോയര്‍ ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യുവര്‍ മാഡ്‌നെസ്” എന്ന പുസ്തകത്തിലൂടെയാണ് അമൃതാനന്ദമയിക്കെതിരെ ആരോപണവുമായി രംഗത്തു വന്നത്.

ആശ്രമത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളും ബലാത്സംഗ പരമ്പരകളും നടക്കുന്നതായി ഗെയ്ല്‍ തന്റെ പുസ്തകത്തിലെഴുതിയിരുന്നു. പിന്നീട് വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.