| Wednesday, 30th October 2024, 8:18 am

ക്രിസ്ത്യന്‍ പള്ളിയുടെ നിര്‍മാണം അനധികൃതമെന്നാരോപിച്ച് മതില്‍ പൊളിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ധിപ്പേട്ട് ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പള്ളി മതില്‍ പൊളിച്ചതില്‍ പ്രതിഷേധം കനക്കുന്നു. ഒക്ടോബര്‍ 28 തിങ്കളാഴ്ചയാണ് എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ പൊളിച്ചത്.

പിന്നാലെ പളളി പൊളിച്ച എട്ട് ബി.ജെ.പി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയും ചെയ്തിരുന്നു.

അനധികൃതമായ ഭൂമിയിലാണ് പള്ളി പണിതതെന്നും  ആ പ്രദേശത്ത് തന്നെ വേറെയും പള്ളികള്‍ ഉണ്ടെന്നുമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വാദം. മറ്റൊരാള്‍ക്ക് അനധികൃതമായി കൈമാറിയ സ്ഥലത്താണ് പള്ളി പണിതതെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ വാദിച്ചിരുന്നു.

അതേസമയം അനധികൃതമായ നിര്‍മാണങ്ങള്‍ പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മതില്‍ പൊളിച്ചതെന്ന് ബി.ജെ.പി മേഡക് എം.പി രഘുനന്ദന്‍ റാവു വാദിച്ചു.

എന്നാല്‍ പ്രസ്തുത ഭൂമി സഭയ്ക്ക് പതിച്ചു നല്‍കിയതാണെന്നും സഭയുമായി ബന്ധമുള്ള ഹൈദരാബാദ് സ്വദേശിയുടേ പേരിലാണ് സ്ഥലമെന്നും കുകുനൂര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രസ്തുത ഭൂമി വിറ്റതിന് നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രാമത്തില്‍ ഇതിനകം രണ്ട് പള്ളികളുണ്ടെന്നും ഇത് മൂന്നാമത്തെ പള്ളിയാണെന്നും അനുമതിയില്ലാതെയാണ് പള്ളി നിര്‍മിക്കുന്നതെന്നും മതില്‍ പൊളിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചതായി പൊലീസ് പറഞ്ഞു.

പള്ളി പണിയുന്ന കോളനി ദളിത് വിഭാഗത്തിന്റേതല്ലെന്നും ആ പ്രദേശത്ത് മുദിരാജ് സമുദായക്കാരാണ് കൂടുതലെന്നും പൊലീസ് പറഞ്ഞതായി സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം പള്ളി പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന ബി.ജെ.പി എം.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ദളിത് ബഹുജന്‍ ഫ്രണ്ടിന്റെ നേതാവ് ശങ്കര്‍ പെദ്ദലരിയും രംഗത്തെത്തിയിരുന്നു. എം.പി രാജിവെക്കണമെന്നും പള്ളി പൊളിക്കണമെന്ന് പറയുന്ന സാഹചര്യം ഏതൊരാള്‍ക്കും മനസിലാക്കാന്‍ കഴിയുമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Allegation that the construction of the Christian church is illegal: BJP workers who demolished the wall were arrested

We use cookies to give you the best possible experience. Learn more