തിരുവനന്തപരും: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതായി പരാതി.
പതിറ്റാണ്ടുകളോളം ആര്‍.സി.സി.യില്‍ ജോലി ചെയ്യുകയും പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിക്കുകയും ചെയ്തവരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം വരെ 11000 രൂപ പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്ക് ഈ മാസം മുതല്‍ അയ്യായിരം രൂപയില്‍ താഴെയാണ് പെന്‍ഷന്‍ ലഭിക്കുന്നത്.
ഭക്ഷ്യവസ്തുക്കള്‍ക്കടക്കം വില വര്‍ദ്ധനവുണ്ടായ ഇക്കാലത്ത് ചെറിയ തുകകൊണ്ട് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവ് പോലും ലംഘിച്ചുകൊണ്ടാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചിരിക്കുന്നത് എന്ന് ആര്‍.സി.സിയില്‍ നിന്നും വിരമിച്ച സ്വദേശി സദാശിവന്‍ പറഞ്ഞു. കഴിഞ്ഞ മാസം വരെ 11000 രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 5000 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്.
ഈ പണം കൊണ്ട് എങ്ങനെയാണ് ഇക്കാലത്ത് ജീവിക്കുക എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
മക്കളുടെ വിദ്യാഭ്യാസവും വാര്‍ദ്ധക്യ കാലത്തെ ചികിത്സയും എല്ലാം മുടങ്ങുന്ന സ്ഥിതിയാണുള്ളത്. ഈ പ്രായത്തില്‍ മറ്റു ജോലിക്കും പോകാന്‍ കഴിയാത്തവരാണ് ഞങ്ങളില്‍ പലരും.
അഞ്ച് കാരണങ്ങള്‍ കൊണ്ട് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ വെട്ടിക്കുറക്കുകയോ അനുകൂല്യങ്ങല്‍ നിര്‍ത്തലാക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുള്ളതാണ്. ഈ അഞ്ച് കാരണങ്ങളും ബാധകമായവരാണ് ഞങ്ങള്‍. എന്നാല്‍ പ്രസ്തുത ഉത്തരവ് പോലും ആര്‍.സി.സി അധികൃതര്‍ പാലിക്കുന്നില്ലെന്നും സദാശിവന്‍ പറയുന്നു.
താരതമ്യേന ചെറിയ വരുമാനമുണ്ടായിരുന്നവരുടെ ആനുകൂല്യങ്ങളാണ് വെട്ടിക്കുറിച്ചിരിക്കുന്നത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മാത്രവുമല്ല ആര്‍.സി.സിയിലെ അധികൃതരുമായി അടുത്തു നില്‍ക്കുന്നവര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നുമുണ്ട്.
കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റില്‍ നിന്നും ഡപ്യൂട്ടേഷനില്‍ എത്തുന്നവരാണ്. അവര്‍ക്ക് ഈ സ്ഥാപനത്തോടോ ജീവനക്കാരോടോ യാതൊരു ആത്മാര്‍ത്ഥയുമുണ്ടാകാറില്ല.
അവരുമായി അടുത്ത് നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് ആനൂകൂല്യങ്ങളും മറ്റും കൃത്യമായി ലഭിക്കുന്നതെന്നും പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ പറയുന്നു. ആര്‍.സി.സി ഭരണ നിര്‍വ്വഹണ സമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്.
ആര്‍.സി.സിയില്‍ നടക്കുന്ന ഇത്തരം തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.