Kerala News
തൃശൂരില്‍ 14കാരന്റെ വയറ്റില്‍ സര്‍ജിക്കല്‍ ക്ലിപ്പ് കുടുങ്ങി; നിസാരമല്ലേയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെന്ന് കുട്ടിയുടെ മാതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 17, 02:07 pm
Thursday, 17th August 2023, 7:37 pm

തൃശൂര്‍: തൃശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് ആരോപണം. 14കാരന്റെ വയറിനുള്ളില്‍ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് കുടുങ്ങി. കഴിഞ്ഞ ജൂണ്‍ മാസം 12നാണ് സംഭവം നടക്കുന്നത്. അപ്പന്റീക്‌സിന്റെ സര്‍ജറിക്കായിട്ടാണ് 14നെ ദയ ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് ജൂലൈ 27ന് വീണ്ടും കടുത്ത വയറുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതിനിടയില്‍ മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സര്‍ജിക്കല്‍ ക്ലിപ്പ് വയറ്റില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. ഇതോടെ വയറ്റിനകത്ത് പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ എറണാകുളം അമൃത ആശുപത്രിയില്‍ ഓഗസ്റ്റ് അഞ്ചിന് വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. പിന്നാലെ സര്‍ജിക്കല്‍ ക്ലിപ്പ് പുറത്തെടുത്തു.

ഇതുസംബന്ധിച്ച് ദയാ ആശുപത്രിയിലെ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ മോശമായിട്ടാണ് പെരുമാറിയതെന്നു കുട്ടിയുടെ മാതാവ് ആരോപിച്ചു. ഇതു, ചെറുതല്ലേ, നിസാരമല്ലേയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നാണ് കുട്ടിയുടെ മാതാവ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്.

കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ വാക്കാല്‍ പരാതി നല്‍കിയെന്നും രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദയ ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

 

Content Highlight: Allegation of wrong treatment at Thrissur Daya Hospital