റിയാദ്: തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് രണ്ട് ബഹ്‌റൈനികളെ സൗദി അറേബ്യ വധിച്ചുവെന്ന് റിപ്പോര്‍ട്ട്. സൗദി ആഭ്യന്തര മന്ത്രാലയം തന്നെയാണ് തിങ്കളാഴ്ച വിവരം അറിയിച്ചത്. സമാനരീതിയിലുള്ള ഈ മാസത്തെ ഒമ്പതാമത്തെ വധമാണിത്.
ജാഫര്‍ സുല്‍ത്താന്‍, സാദിഖ് താമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ബഹ്‌റൈന്‍ അധികാരികളില്‍ നിന്ന് ഒരു അറിയിപ്പും ഇത് വരെ ഉണ്ടായിട്ടില്ല.
സൗദി അറേബ്യയുടെയും ബഹ്‌റൈന്റെയും സുരക്ഷയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള തീവ്രവാദ സംഘടനകളുടെ ക്യാമ്പുകളില്‍ ഇരുവരും പങ്കെടുത്തിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ട് സൗദി അറേബ്യയിലെ ഭീകരരെ ഇരുവരും സഹായിച്ചിരുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
എന്നാല്‍ ഏത് തീവ്രവാദ സംഘടനകളില്‍ ഇരുവരും പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
മെയ് 2 മുതല്‍ സൗദി അറേബ്യയില്‍ ഒമ്പത് കുറ്റവാളികളെയാണ് വധിക്കുന്നത്. സൗദി അറേബ്യയില്‍ ഈ വര്‍ഷം 40ലധികം വധശിക്ഷകള്‍ നടന്നതായി സര്‍ക്കാര്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ 147 പേരെയാണ് വധിച്ചത്. അതില്‍ 81 പേരും തീവ്രവാദം ആരോപിക്കപ്പെട്ടവരാണ്.
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് സുല്‍ത്താനും താമറും 2015 മെയ് എട്ടിന് സൗദി അറേബ്യയില്‍ അറസ്റ്റിലായിരുന്നു. 2021 ഒക്ടോബറില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ ജൂണ്‍ 2022ല്‍ അന്യായവും ഏകപക്ഷീയവുമായ വധശിക്ഷകളെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ സൗദിയിലെ അധികാരികള്‍ക്ക് കത്തയച്ചിരുന്നു. രണ്ട് പേരുടെയും വധശിക്ഷയ്ക്കുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാനും അന്താരാഷ്ട്ര നിയമങ്ങളുടെ മാനദണ്ഡമനുസരിച്ച് അവരെ വീണ്ടും വിചാരണ ചെയ്യുവാനും അതില്‍ പറയുന്നു.
2015ല്‍ സല്‍മാന്‍ രാജാവ് അധികാരത്തില്‍ വന്നതിന് ശേഷം 1000ലധികം വധശിക്ഷകള്‍ നടപ്പാക്കിയതായി റിപ്രീവും യൂറോപ്യന്‍ സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
CONTENT HIGHLIGHT: Allegation of terrorist act; Saudi Arabia executes two Bahrainis