പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം. സ്വീഡിഷ് ദിനപത്രമായ എക്സ്പ്രെസെനാണ് താരത്തിനെതിരെ ആരോപണം ഉയര്‍ത്തിയത്. ആരോപണങ്ങളില്‍ എംബാപ്പെക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും സ്വീഡിഷ് മാധ്യമ സ്ഥാപനങ്ങള്‍ അറിയിച്ചു.
സ്റ്റോക്ക് ഹോമിലെ ലക്ഷ്വറി ബാങ്ക് ഹോട്ടലില്‍ വെച്ച് ബലാത്സംഗം നടന്നുവെന്നായിരുന്നു ആരോപണം. ഒക്ടോബര്‍ 10 നാണ് സംഭവം നടന്നത്. സ്വീഡന്‍ സന്ദര്‍ശനത്തിനിടെ അതിക്രമം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതിക്രമത്തെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ അധികൃതര്‍ താരത്തിനെതിരെ കേസെടുക്കാന്‍ തയ്യാറായില്ലെന്നാണ് സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഏതാനും മാധ്യമങ്ങള്‍ എംബാപ്പെക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ പൊലീസിന് വിവരങ്ങള്‍ കൈമാറിയെന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആദ്യഘട്ടത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ എംബാപ്പെയുടെ പേര് വ്യക്തമായി പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ അജ്ഞാത സ്രോതസുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസിലെ പ്രതി എംബാപ്പെയാണെന്ന് എക്സ്പ്രെസെന്‍ സ്ഥിരീകരിച്ചതെന്ന് ദി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപങ്ങള്‍ നിഷേധിച്ച് കിലിയന്‍ എംബാപ്പെ പ്രതികരിച്ചു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു എംബാപ്പെയുടെ പ്രതികരണം.
ആരോപണങ്ങള്‍ക്ക് പിന്നില്‍ താന്‍ മുമ്പ് പ്രതിനിധീകരിച്ച പി.എസ്.ജി ക്ലബ്ബാണെന്നാണ് എംബാപ്പെ പറയുന്നത്. പി.എസ്.ജിയില്‍ നിന്ന് 511 കോടിയോളം കിട്ടാനുണ്ടെന്നും എന്നാല്‍ പണം തരില്ലെന്നാണ് ക്ലബ് അറിയിച്ചതെന്നും എംബാപ്പെ പറയുന്നു. അതുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നടക്കുന്ന സാഹചര്യത്തിലാണ് തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതെന്നാണ് താരം പറയുന്നത്.
എന്നാല്‍ എംബാപ്പെയുടെ ആരോപണം പി.എസ്.ജി ക്ലബ് പൂര്‍ണമായും തള്ളുകയും ചെയ്തു. വാര്‍ത്തകള്‍ ഫ്രാന്‍സിന്റെ ദേശീയ ടീമിന് ദോഷം ചെയ്യുമെന്ന് കോച്ച് ദിദിയര്‍ ദെഷാംപ്‌സും പറഞ്ഞു.
Content Highlight: Allegation of physical assault against Mbappe