തിരുവനന്തപുരം: കാന്തപുരത്തിന് സർക്കാർ ഭൂമി പതിച്ച് നൽകിയെന്ന തരത്തിൽ ചിലർ ഉന്നയിച്ച ആരോപണങ്ങളിൽ സർക്കാർ വസ്തുത വ്യക്തമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. ഒരുതുണ്ട് ഭൂമി പോലും കാന്തപുരത്തിന്റെ പ്രസ്താനം സർക്കാരിൽ നിന്ന് നേടിയിട്ടില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണങ്ങളിൽ സർക്കാർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടത്.
“ഒരുതുണ്ട് ഭൂമി പോലും കാന്തപുരത്തിന്റെ പ്രസ്താനം സർക്കാരിൽ നിന്ന് നേടിയെടുത്തിട്ടില്ല. മാന്യതയുണ്ടെങ്കിൽ അത് തെളിയിക്കണം. സ്വന്തം കാര്യങ്ങൾ നേടിയെടുക്കാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ സാധിക്കുള്ളൂ,” നേതാക്കൻമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ മുസ്‌ലിങ്ങൾ അനർഹമായ പലതും നേടിയെടുക്കുന്നതായി ചില കേന്ദ്രങ്ങളിൽ നിന്നുള്ള പ്രചരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും നിരുത്തരവാദപരമാണെന്നും നേതാക്കൾ പറഞ്ഞു. മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്ന പ്രചരണത്തെ ചിലർ പിന്താങ്ങുന്നതായും നേതാക്കൾ കൂട്ടിച്ചേർത്തു.
കേരളത്തിലെ ഒരു മദ്രസാ അധ്യാപകനും സർക്കാർ ശമ്പളം നൽകുന്നില്ല. അസത്യം പ്രചരിപ്പിക്കുന്നവരെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണം. കേരളത്തിലെ ജനങ്ങളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പുരോഗതി വിലയിരുത്തുന്നതിന് ജാതി സെൻസസ് നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അടുത്തിടെ ബി.ഡി.ജെ.എസ് നേതാവ് വെള്ളാപ്പള്ളി നടേശനാണ് ഈ ആരോപണം ഉന്നയിച്ചത്. കാന്തപുരം വിഭാഗം സർക്കാരിനെ വെച്ച് ഒരുപാട് കാര്യങ്ങൾ നേടിയെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. അത് സി.പി.ഐ.എം നടത്തിയ പ്രീണനമാണെന്നും എന്നാൽ സി.പി.ഐ.എമ്മിന് തിരിച്ച് ഒരു കാന്തം പോലും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.