പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ കള്ളവോട്ട് ആരോപണം
പത്തനംതിട്ട: പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം കള്ളവോട്ട് ചെയ്‌തെന്ന് യു.ഡി.എഫ് ആരോപണം. എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.എസ്. അമൽ പോളിങ് ബൂത്തിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ നഗരപരിധിയിൽ ഉള്ളവർക്കാണ് വോട്ടുള്ളത്. തിരുവല്ല സ്വദേശിയായ അമലിന് ഇവിടെ വോട്ട് ഉണ്ടാകില്ലെന്നും അമൽ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ഉണ്ടെന്നുമായിരുന്നു യു.ഡി.എഫിന്റെ ആരോപണം. അമലിന് പുറമേ മറ്റ് താലൂക്കുകളിൽ നിന്നുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും യു.ഡി.എഫ് ആരോപിക്കുന്നുണ്ട്.
എന്നാൽ എൽ.ഡി.എഫും കെ.എസ്. അമലും ആരോപണങ്ങൾ തള്ളി. തെരഞ്ഞെടുപ്പിന്റെ ഏകോപനത്തിന് താൻ ജില്ലാ ആസ്ഥാനത്ത് എത്തിയിരുന്നു, എന്നാൽ കള്ളവോട്ട് ചെയ്തിട്ടില്ല എന്നാണ് അമലിന്റെ വാദം.
എന്നാൽ അമൽ പോളിങ് ബൂത്തിനകത്ത് നിൽക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആയിരുന്നു വിജയിച്ചത്. ഒരു സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് നേടാൻ സാധിച്ചത്.
Content Highlight: Allegation of fake vote against SFI district secretary in Pathanamthitta Cooperative bank election