ന്യൂദല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ്. ചടങ്ങില്‍ രാഹുല്‍ ഗാന്ധിക്ക് കസേര നല്‍കിയത് പ്രോട്ടോക്കോള്‍ പാലിക്കാതെയാണെന്നാണ് ആക്ഷേപം. പ്രോട്ടോക്കോള്‍ പ്രകാരം രാഹുലിന് ആദ്യ നിരയിലാണ് കസേര നല്‍കേണ്ടത്. എന്നാല്‍ നാലാം നിരയിലാണ് പ്രതിപക്ഷ നേതാവിന് കസേര നല്‍കിയത്.
ഹോക്കി താരങ്ങള്‍ക്ക് ഒപ്പമിരുന്നാണ് രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പ്രതിപക്ഷ നേതാവ് രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്.
ആ നിലയില്‍ കൂടിയാണ് രാഹുല്‍ ഗാന്ധി ചെങ്കോട്ടയിലെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് ഇരിപ്പിടം നല്‍കുന്നതിനായാണ് ഇത്തരത്തിലൊരു ക്രമീകരണം നടത്തിയതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. സംഭവത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളായ ബീഹാറിലെ ജെ.ഡി.യുവിന്റെയും ആന്ധ്രാപ്രദേശിലെ ടി.ഡി.പിയുടെയും പിന്തുണയോടെയാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. പത്ത് വർഷം ഒറ്റയ്ക്ക് ഭരിച്ച ബി.ജെ.പിയെ വെട്ടിലാക്കിയത് പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിന്റെ മികച്ച പ്രകടനമാണ്.
ഇന്ത്യാ സഖ്യം 233 സീറ്റുകളാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയത്. അതേസമയം മുൻ വർഷത്തെ അപേക്ഷിച്ച് അറുപതിലധികം സീറ്റുകൾ ബി.ജെ.പിക്ക് നഷ്ടമായി. അയോധ്യ രാമക്ഷേത്രം ഉൾപ്പെടുന്ന ഉത്തർപ്രദേശിലെ ഫൈസാബാദ് മണ്ഡലത്തിലെ തോൽവി ബി.ജെ.പിക്കേറ്റ വലിയ തിരിച്ചടിയായിരുന്നു.
Content Highlight: Allegation of disrespecting opposition leader Rahul Gandhi during Independence Day celebrations at Red Fort