ന്യൂദല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം. സ്ത്രീ സുരക്ഷ, ഒളിമ്പിക്‌സ്, തൊഴില്‍ ലഭ്യത ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി.
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ സംസ്ഥാനങ്ങള്‍ നടപടി എടുത്തുകാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണം വേഗത്തിലാക്കണമെന്നും ശിക്ഷ ഉറപ്പുവരുത്തണമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ബി.ജെ.പി ഭരണം കൈയാളുന്ന മണിപ്പൂര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് നടക്കുന്നത്. ഇക്കാര്യങ്ങളെ പ്രധാനമന്ത്രി ഒരിക്കല്‍ പോലും അഭിസംബോധന ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്ത്രീ സുരക്ഷയെ ഗൗരവത്തോടെ എടുക്കണമെന്ന് മോദി പറയുന്നതെന്നാണ് പ്രധാന വിമര്‍ശനം.
2036ല്‍ ഒളിമ്പിക്‌സിന് വേദിയാകാന്‍ ഭാരതം തയ്യാറെടുക്കുകയാണെന്നും പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കായിക താരങ്ങള്‍ക്കാവട്ടേയെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പരാമര്‍ശിക്കുകയുണ്ടായി.
എന്നാല്‍ ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ അടക്കമുള്ള താരങ്ങള്‍ നടത്തിയ സമരത്തെയും പാരീസ് ഒളിമ്പിക്‌സില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ കേന്ദ്ര ഒളിമ്പിക്‌സ് അസോസിയേഷന്‍ തള്ളിപ്പറഞ്ഞ സംഭവത്തെയും മോദി അഭിസംബോധന ചെയ്യണമെന്ന് ആവശ്യമുയര്‍ന്നു.
‘രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യമെന്നും സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ രാജ്യത്തിന്റെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാണ്, അത് പബ്ലിസിറ്റിക്കായല്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വളര്‍ച്ച യുവാക്കളില്‍ വലിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഈ പരാമര്‍ശത്തില്‍, തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണെന്നും ജോലിക്കായി ഇന്ത്യയിലെ നിര്‍മാണ തൊഴിലാളികള്‍ ഇസ്രഈലിക്ക് പോകാന്‍ തയ്യാറാവുകയാണെന്നും വിമര്‍ശനമുയര്‍ന്നു.
ലോകം നമ്മുടെ വളര്‍ച്ച ഉറ്റുനോക്കുകയാണെന്നും ഇന്ത്യയെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണമെന്നും മോദി പറയുകയുണ്ടായി. കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആദ്യം കരകയറിയ രാജ്യം ഇന്ത്യയാണെന്നും പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം ഇന്ന് രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെതിരെ, പശുക്കടത്തും തീവ്രവാദവും ആരോപിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളെ തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ ആക്രമിക്കുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് 75000 സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചുവെന്നും കര്‍ഷകരുടെ മക്കള്‍ക്കായി സ്മാര്‍ട്ട് സ്‌കൂളുകള്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ പറയുമ്പോള്‍, ഓര്‍ക്കേണ്ടത് കേന്ദ്ര പരീക്ഷകളിലെ ക്രമക്കേടിനെതിരെ രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നടത്തിയ സമരമാണ്. ഒപ്പം കര്‍ഷക സമരവും കര്‍ഷക ആത്മഹത്യയും മോദി സര്‍ക്കാര്‍ വിസ്മരിക്കരുതെന്നും വിമര്‍ശകര്‍ പറയുന്നു.
Content Highlight: Allegation of disrespecting opposition leader Rahul Gandhi during Independence Day celebrations at Red Fort