'പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചെന്ന് ആക്ഷേപം'; വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
Kerala News
'പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചെന്ന് ആക്ഷേപം'; വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th January 2023, 11:31 pm

കോഴിക്കോട്: വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടത്തി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖിനെ ഞായറാഴ്ച ഉച്ച തിരിഞ്ഞ് വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ചെന്നൈ എസ്.ആര്‍.എം കോളജിലെ ഒന്നാം വര്‍ഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്. 19 വയസായിരുന്നു. വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിന് പോയിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ആനിഖിനെ ബന്ധുക്കള്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

തിങ്ങളാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് മുഹമ്മദ് ആനിഖിന്റെ മരണം. ആനിഖ് ഫീസ് അടച്ചിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

ഹാജര്‍ ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് കോളജ് അധികൃതര്‍ ആനിഖിനോട് പറഞ്ഞതായി ആനിഖിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ സെമസ്റ്റര്‍ നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് വിദ്യാര്‍ത്ഥി അസ്വസ്ഥനായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഡിസംബര്‍ പകുതിയോടെയാണ് ആനിഖ് കോളേജില്‍ നിന്ന് കോഴിക്കോട്ടെ വീട്ടില്‍ അവധിക്കെത്തിയത്.