തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥിനെ പൊലീസ് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥിന് പൊലീസിന്റെ നിര്‍ദേശം.
പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കാനുള്ള നിര്‍ദേശം നല്‍കിയത് ശബരിനാഥണെന്ന് തെളിവ് പൊലീസിന് ലഭിച്ചതായാണ് വിവരം.
ഇതുസംബന്ധിച്ച് ശബരിനാഥ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കയച്ച വാട്സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
‘സി.എം കണ്ണൂര്‍- തിരുവനന്തപുരം വിമാനത്തില്‍ വരുന്നുണ്ട്. രണ്ട് പേര്‍ വിമാനത്തില്‍ നിന്ന് കരിങ്കൊടി കാണിച്ചാല്‍…… വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ലല്ലോ,’ എന്നാണ് കോണ്‍ഗ്രസിന്റെ ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ ശബരിനാഥ് സന്ദേശമയച്ചത്.
എന്നാല്‍, ഇത്തരം നിര്‍ദേശം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ശബരിനാഥ് തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
അതേസമയം, വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീനും നവീന്‍ കുമാറിനും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇങ്ങനെയൊരു അറിയിപ്പ് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് സംഭവത്തില്‍ ഇ.പി. ജയരാജന്റെ പ്രതികരണം. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
CONTENT HIGHLIGHTS: Allegation of conspiracy in assassination attempt case against Chief Minister; K.S. Sabrinath will be questioned