ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിനെതിരെ ആരോപണങ്ങളുമായി സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. സൈനിക മേധാവിയായിരുന്ന സമയത്ത് വി.കെ സിങ് വ്യാജവും അടിസ്ഥാന രഹിതവും സാങ്കല്‍പികവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ വേട്ടയാടുകയും തനിക്ക് അര്‍ഹമായ പ്രമോഷന്‍ തടഞ്ഞുവെക്കുകയും ചെയ്‌തെന്നാണ് സുഹാഗിന്റെ ആരോപണം. ബുധനാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
“2012ല്‍ അന്ന് ആര്‍മി ചീഫായിരുന്ന ജനറല്‍ വി.കെ സിങ് ആര്‍മി കമാന്‍ഡറായി ഉദ്യോഗക്കയറ്റം എനിക്ക് നിഷേധിക്കാനായി എന്നെ ഇരയാക്കി. കാരണം കാണിക്കല്‍ നോട്ടീസില്‍ എനിക്കെതിരെ വ്യാജവും, അടിസ്ഥാനരഹിതവും സാങ്കല്‍പ്പികവുമായ ആരോപണങ്ങള്‍ നിരത്തി. തുടര്‍ന്ന് അനധികൃതമായി എനിക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു.” സത്യവാങ്മൂലത്തില്‍ സുഹാഗ് പറയുന്നു.
ദല്‍ബീര്‍ സിങ് സുഹാഗിനെ ആര്‍മി കമാന്‍ഡറായി തെരഞ്ഞെടുക്കുന്നതില്‍ പക്ഷപാതം കാട്ടിയെന്ന പരാതിയിലാണ് സത്യവാങ്ങ്മൂലം നല്‍കിയിരിക്കുന്നത്. ആസാമില്‍ നടന്ന സൈനിക നീക്കം നിയന്ത്രിക്കാനും നേതൃത്വം നല്‍കാനും പരാജയപ്പെട്ടന്ന കാരണം കാട്ടിയാണ് അന്ന് വി.കെ സിങ് സുഹാഗിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു.
എന്നാല്‍ രണ്ടു മാസത്തിനു ശേഷം ജനറല്‍ വിക്രം സിങ് സൈനിക മേധാവിയായി അധികാരത്തില്‍ എത്തുകയും സുഹാഗിന്റെ വിലക്ക് നീക്കി ഈസ്‌റ്റേണ്‍ കമാന്‍ഡിന്റെ കമാന്‍ഡറായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.