പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുത്; ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നിലപാട് ആവര്‍ത്തിച്ച് ജസ്റ്റിസ് ചന്ദ്രചൂഢ്
national news
പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുത്; ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നിലപാട് ആവര്‍ത്തിച്ച് ജസ്റ്റിസ് ചന്ദ്രചൂഢ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2019, 11:37 am

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നിലപാട് ആവര്‍ത്തിച്ച് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുതെന്ന് അദ്ദേഹം അന്വേഷണസമിതിയോട് വീണ്ടും ആവശ്യപ്പെട്ടു.

അന്വേഷണസമിതിയിലെ അംഗങ്ങളായ ജഡ്ജിമാരെ നേരില്‍ക്കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തേ മേയ് രണ്ടിനും ഇതേ ആവശ്യമുന്നയിച്ച് ചന്ദ്രചൂഢ് ജഡ്ജിമാര്‍ക്കു കത്തയച്ചിരുന്നു. പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം തുടര്‍ന്നാല്‍ അത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം കത്ത് നല്‍കിയത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം അഭിഭാഷകനെയോ അമിക്കസ് ക്യൂറിയെയോ അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ജഡ്ജിമാരെ നേരില്‍ക്കണ്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തവണ ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാനും ഒപ്പമുണ്ടായിരുന്നതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ സമിതിയാണ് പരാതി അന്വേഷിക്കുന്നത്.

സമിതിക്കു മുന്നില്‍ രണ്ടുതവണ ഹാജരായ യുവതി പിന്നീട് പരാതിയില്‍നിന്നു പിന്മാറുകയായിരുന്നു. അഭിഭാഷകരില്ലാതെ സമിതിക്കു മുന്നില്‍ ഹാജരാകുന്നതു ഭീതിയും മാനസിക സമ്മര്‍ദവുമുണ്ടാക്കുന്നതായി ആരോപിച്ചായിരുന്നു ഇത്.

ഗോഗോയ്‌ക്കെതിരേ ഗൂഢാലോചന നടന്നെന്ന വാദത്തില്‍ സുപ്രീംകോടതി നേരത്തേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ.കെ പട്‌നായിക് മേല്‍നോട്ടം വഹിക്കുന്ന അന്വേഷണം നടത്തുന്നത് സി.ബി.ഐ-ഐ.ബി-ദല്‍ഹി പോലീസ് എന്നിവരുടെ സംയുക്തസംഘമാണ്.

സുപ്രീംകോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരേ പരാതി നല്‍കിയത്. ഏപ്രില്‍ 19-ന് സുപ്രീംകോടതിയിലെ 22 ജഡ്ജിമാര്‍ക്കു നല്‍കിയ സത്യാവാങ്മൂലത്തിലാണ് ആരോപണമുന്നയിച്ചത്. സുപ്രീംകോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35-കാരിയുടേതാണു പരാതി.