കണ്ണൂര്‍: മടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കുടുംബത്തിനുവേണ്ടി സമാഹരിച്ച ഫണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി ആരോപണം. ഈ വിഷയം ഉയര്‍ത്തിക്കാട്ടി ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ക്യാബിനില്‍ വലിയ വാക്കേറ്റമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ശുഹൈബിന്റെ കുടുംബത്തിനായി ശേഖരിച്ച തുക ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം കടംവീട്ടാന്‍ ചിലവഴിച്ചുവെന്നാണ് പ്രധാന ആരോപണം. അതിനെ ചിലര്‍ ചോദ്യം ചെയ്തതാണ് ഡി.സി.സി പ്രസിഡന്റിന്റെ ഓഫീസില്‍ തമ്മിലടിക്കും വാക്കേറ്റത്തിനും വഴിവെച്ചത്.
കോണ്‍ഗ്രസ് എളയാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെയാണ് ആരോപണമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട റിജില്‍ മാക്കുറ്റിയും ശുഹൈബും ചേര്‍ന്ന് കൂത്തുപറമ്പിലെ ഒരു ജ്വല്ലറിയില്‍ നിന്നും 25 പവന്‍ സ്വര്‍ണം കടമായി വാങ്ങുകയും അത് വിറ്റുകാശാക്കുകയും ചെയ്‌തെന്നാണ് ആരോപണം. ശുഹൈബ് കൊല്ലപ്പെട്ടശേഷം ജ്വല്ലറി ഉടമ പണം ആവശ്യപ്പെട്ടപ്പോള്‍ പിരിച്ച തുകയില്‍ നിന്ന് നല്‍കുകയാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ശുഹൈബും റിജില്‍ മാക്കുറ്റിയും ചേര്‍ന്ന് ഒരു ലോറി വാങ്ങി അതുപൊളിച്ചു വിറ്റവകയില്‍ പത്തുലക്ഷം രൂപയുടെ ബാധ്യതയുണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. വാടകയ്ക്ക് എടുത്ത കാര്‍ മറിച്ചുവിറ്റ വകയിലും ബാധ്യതയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
90ലക്ഷത്തിലേറെ രൂപയാണ് ശുഹൈബ് കുടുംബസഹായനിധിയിലേക്ക് കോണ്‍ഗ്രസ് പിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 60ലക്ഷത്തോളം കണ്ണൂര്‍ ഡി.സി.സി പിരിച്ചെടുത്തതാണ്. ശുഹൈബിന്റെ പിതാവിന്റെയും മാതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ തുക നിക്ഷേപിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്.