50 രൂപയുടെ അംഗത്വഫീസിന് ഈടാക്കിയത് 500; യു.എന്‍.എയ്‌ക്കെതിരെ പുതിയ ആരോപണം
Kerala News
50 രൂപയുടെ അംഗത്വഫീസിന് ഈടാക്കിയത് 500; യു.എന്‍.എയ്‌ക്കെതിരെ പുതിയ ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th March 2019, 3:08 pm

 

തിരുവനന്തപുരം: മൂന്നരക്കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിനു പിന്നാലെ യു.എന്‍.എയ്‌ക്കെതിരെ വീണ്ടും ആരോപണം. യു.എന്‍.എയില്‍ അംഗത്വഫീസും മാസവരിയും പിരിച്ചതില്‍ നടത്തിയ ക്രമക്കേടാണ് പുറത്തുവന്നിരിക്കുന്നത്.

50 രൂപയുടെ അംഗത്വഫീസിന് 500 രൂപയാണ് പിരിപ്പിച്ചത്. മാസവരിയായി പത്തുരൂപ പിരിക്കേണ്ടിടത്ത് മൂന്നുമാസം കൂടുമ്പോള്‍ 300 രൂപയാണ് പിരിച്ചത്.

യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.

സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയതായെന്നായിരുന്നു പരാതി. മാസവരി സഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. എന്നാല്‍ ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിന് വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ പറയില്‍ പറഞ്ഞത്.

നഴ്‌സുമാരുടെ ലെവി പിരിച്ചതടക്കമുള്ള തുകയില്‍ നിന്നാണ് തിരിമറി. സംഘടനയുടെ ദേശീയ പ്രസിഡനന്റായ ജാസ്മിന്‍ ഷാ യുടെ ഡ്രൈവറാണ് അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിച്ചിരിക്കുന്നത്. പല സമയങ്ങളിലായി വലിയ തുകകള്‍ പിന്‍വലിച്ചതായാണ് ആരോപണം. മറ്റ് പല കമ്പനികളുടെ പേരില്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ സംഘടനയുടെ മറ്റ് രണ്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും അതില്‍ നിന്നും വലിയ തുകകള്‍ പിന്‍വലിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു.

സംഘത്തിലെ ഒരു വിഭാഗമാണ് മറ്റ് അംഗങ്ങളോട് സംസാരിക്കാതെ പലതവണയായി അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിന്‍വലിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരുന്നു.

Also Read:30 ദിവസത്തേക്ക് ബാന്‍ ചെയ്ത ധ്രുവ് രതിയുടെ പേജ് മണിക്കൂറുകള്‍ക്കകം തിരിച്ചുനല്‍കി ഫേസ്ബുക്ക്; ഒപ്പം മാപ്പപേക്ഷയും

ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ 59 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതിനും ഒരു സ്വകാര്യ കമ്പനിക്ക് 20 ലക്ഷം നല്‍കിയതിനും ഒക്കെ രേഖയുണ്ടെങ്കിലും എന്ത് ആവശ്യത്തിനാണ് പണം പിന്‍വലിച്ചതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. പലതവണ നേതൃത്വത്തോട് കണക്ക് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അതിനാലാണ് പരാതിയുമായി രംഗത്തുവന്നതെന്നും മുന്‍ വൈസ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ആരോപണം സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ നിഷേധിച്ചിരുന്നു. 2013 ല്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ആരോപണം ഉന്നയിച്ചയാളെന്നും ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടെ വിശ്വാസ്യതകൂടി പരിഗണിക്കണമെന്നുമാണ് ജാസ്മിന്‍ ഷാ പറഞ്ഞത്. ഇക്കാര്യത്തില്‍ എല്ലാ അന്വേഷണത്തേയും യു.എന്‍.എ സ്വാഗതം ചെയ്യുന്നതായും ജാസ്മിന്‍ ഷാ പറഞ്ഞിരുന്നു.