തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക പദവിയിലിരിക്കെ നടത്തിയ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. ശ്രീറാം വെങ്കിട്ടരാമന്റെ ക്രമക്കേടുകളെ എതിര്‍ത്തതിന്റെ പേരില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ) എക്‌സിക്യുട്ടീവ് ഡയറക്ടറെ നിയമവിരുദ്ധമായി പിരിച്ചുവിട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
ശ്രീറാം വെങ്കിട്ടരാമന്‍ കേരള ഫോര്‍സ്‌കില്‍സ് എക്‌സലന്‍സില്‍ മാനേജിങ് ഡയറക്ടറായിരിക്കെയായിരുന്നു സംഭവം. ശ്രീറാമിന്റെ നടപടികളെ ചോദ്യം ചെയ്ത് സര്‍ക്കാറിന് പരാതി നല്‍കിയ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.ടി ഗിരീഷിനെയാണ് നിയമവിരുദ്ധമായി പിരിച്ചുവിട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്ഥിരം നിയമനമായിരുന്നിട്ടും നോട്ടീസ് പോലും നല്‍കാതെയാണ് ഗിരീഷിനെ പിരിച്ചുവിട്ടത്. ഗിരീഷിന്റെ പിരിച്ചുവിടല്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2018 ജൂണ്‍ 13ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ 20.12 എന്ന ഇനമായിട്ടാണ് ഇത് അജണ്ടയിലുണ്ടായിരുന്നത്. എന്നാല്‍ സമയക്കുറവുമൂലം 20.11 മുതല്‍ 20.19 വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ല. ഇവ പിന്നീടൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇതേ യോഗത്തില്‍ ഗിരീഷിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചെന്ന രേഖയുണ്ടാക്കിയാണ് അദ്ദേഹത്തെ പുറത്താക്കിയത്.
പിരിച്ചുവിടല്‍ വിവരം ഒപ്പിട്ട രേഖയായി നല്‍കുന്നതിന് പകരം ഇ-മെയിലിലൂടെയാണ് അറിയിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പിരിച്ചുവിടല്‍ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും സ്ഥിരം നിയമനം നല്‍കിയ ഉദ്യോഗസ്ഥനെ അതേ തസ്തികയില്‍ തന്നെ തിരിച്ചെടുക്കുകയും ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തൊഴില്‍ നിയമത്തിന്റെ മൗലിക അവകാശത്തിന്റെയും ലംഘനമാണിതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ഗിരീഷിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന് ചുമതലകളൊന്നും നല്‍കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.