| Tuesday, 9th April 2019, 3:17 pm

നോട്ടുനിരോധനത്തിലെ അഴിമതി; ബി.ജെ.പിക്ക് റിലയന്‍സ് ജിയോ കൂട്ടുനിന്നെന്നും വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധവുമായി ബന്ധപ്പെട്ട അഴിമതി തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പുറത്തുവിട്ട ഒളി ക്യാമറാ ദൃശ്യങ്ങളില്‍ റിലയന്‍സ് ജിയോയ്‌ക്കെതിരെയും പരാമര്‍ശം. റിസര്‍വ് ബാങ്കില്‍ തുടര്‍ച്ചയായി നോട്ട് മാറ്റി നല്‍കുന്നത് കാണിക്കാന്‍ റിലയന്‍സ് ജിയോ ഡാറ്റാ ബേസ് ഉപയോഗിച്ചെന്നാണ് സ്റ്റിങ് വീഡിയോയില്‍ ക്യാബിനറ്റ് സെക്രട്ടറിയറ്റിലെ റോ പ്രതിനിധിയായ രാഹുല്‍ രാത്തേറക്കര്‍ പറയുന്നത്.

‘റിസര്‍വ് ബാങ്കില്‍ തുടര്‍ച്ചയായി നോട്ട് മാറ്റി നല്‍കുന്നത് കാണിക്കാന്‍ റിലയന്‍സ് ജിയോ ഡാറ്റാ ബേസ് പലതവണ ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു. ഇക്കാര്യം വെളിപ്പെടുത്താനോ പുറത്തുകൊണ്ടുവരാനോ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ നിഷ്‌കരുണം ഇല്ലാതാക്കും. ‘ എന്നാണ് രാഹുല്‍ വീഡിയോയില്‍ പറയുന്നത്.

‘ഉര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള പുതിയ കറന്‍സികള്‍ നോട്ടുനിരോധിക്കുന്നതിന് ആറുമാസം മുമ്പ് പ്രിന്റ് ചെയ്തതാണ്. നോട്ടുനിരോധിക്കുന്നതിനു മുമ്പ് തന്നെ ഈ കറന്‍സികള്‍ പ്രത്യേകം തെരഞ്ഞെടുത്ത രാഷ്ട്രീയ നേതാക്കള്‍ക്കും ബിസിനസ് സംരഭകര്‍ക്കും വിതരണം ചെയ്തു.’ എന്നും അദ്ദേഹം പറയുന്നുണ്ട്.

അമിത്ഷായുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വ്യത്യസ്ത ഡിപാര്‍ട്മെന്റുകളിലുള്ള 26 പേരെയാണ് ഇതിനായി റിക്രൂട്ട് ചെയ്തതെന്നും രാഹുല്‍ രാത്തേറക്കര്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് വാര്‍ത്താസമ്മേളനത്തില്‍ ഒളി ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

We use cookies to give you the best possible experience. Learn more