| Thursday, 6th December 2018, 1:25 pm

ശമ്പളം വാങ്ങുന്നത് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍; ജോലി ചെയ്യുന്നത് ലീഗ് ഓഫീസില്‍: യു.ഡി.എഫിലും നിയമന വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫിലും നിയമനവിവാദം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയായ എം.വി സിദ്ദിഖിനെതിരെയാണ് ആരോപണം. രമേശ് ചെന്നിത്തലുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ സിദ്ദിഖ് ജോലി ചെയ്യുന്നത് കോഴിക്കോട് ലീഗ് ഹൗസിലാണെന്നാണ് തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

കോഴിക്കോട് ഗവമോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായിരുന്നു സിദ്ദിഖ്. 2016 ജൂണ്‍ 27 മുതലാണ് സിദ്ദിഖ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലെത്തിയത് ഡെപ്യൂട്ടേഷന്‍ നിയമനത്തിലൂടെയാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ജോലി ചെയ്യേണ്ട അദ്ദേഹം കഴിഞ്ഞ രണ്ടര വര്‍ഷമായി ജോലി ചെയ്യുന്നത് കോഴിക്കോട്ടെ ലീഗ് ഹൗസിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ലീഗ് ഓഫീസിലുള്ളവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.

പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ അറുപതിനായിരത്തിലേറെ രൂപയാണ് സിദ്ദിഖ് ശമ്പളമായി കൈപ്പറ്റുന്നത് എന്നിരിക്കെയാണ് അദ്ദേഹം ലീഗ് ഹൗസില്‍ ജോലി ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more