മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി (ഐ.ഐ.യു.സി.എന്‍.എന്‍) ല്‍ അനധികൃതമായി പി.എച്ച്.ഡിക്ക് പ്രവേശനം നല്‍കി നിയമപരമല്ലാതെ ഗവേഷണത്തിന് അവസരമൊരുക്കുന്നു എന്ന ആരോപണം കഴിഞ്ഞ ദിവസമാണ് അതേ സ്ഥാപനത്തിലെ തന്നെ മറ്റൊരു റിസര്‍ച്ച് സ്‌കോളര്‍ ആയ ദീപ മനോജ് സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിച്ചത്.
തൃശ്ശൂര്‍ സ്വദേശിനിയായ സ്നിഗ്ധയാണ് അനധികൃതമായി സ്ഥാപനത്തില്‍ ഗവേഷണത്തിന് എത്തിയതെന്നാണ് ദീപയുടെ ആരോപണം. റിസര്‍ച്ചിന് അപേക്ഷ പോലും നല്‍കാതെയാണ് ഇവര്‍ സ്ഥാപനത്തില്‍ ഗവേഷണത്തിന് എത്തിയതെന്നും ഇതിനായി എല്ലാ സൗകര്യങ്ങളും നല്‍കിയത് സ്ഥാപനത്തിന്റെ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലും പ്രൊഫസര്‍ സാബു തോമസുമാണെന്നും ദീപ ആരോപിച്ചിരുന്നു.
2012 ഡിസംബറിലാണ് സ്‌നിഗ്ധ ഗവേഷണത്തിനായി സ്ഥാപനത്തില്‍ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയ ദീപ താന്‍ ഉന്നയിച്ച ആരോപണങ്ങളെ സാക്ഷ്യപ്പെടുത്തുന്ന വിവരാവകാശ നിയമപ്രകാരമുള്ള രേഖകളും പുറത്ത് വിട്ടിട്ടുണ്ട്.
“ഐ.ഐ.യു.സി.എന്‍.എന്നില്‍ ഗൈഡ് ചെയ്യാന്‍ പാടില്ല എന്ന യു.ജി.സി നിഷ്‌കര്‍ഷയോടെ രണ്ടു വര്‍ഷത്തെ പ്രോജക്റ്റിന് വന്ന ഡോ.ലതയുടെ കീഴില്‍ സ്നിഗ്ധയെ ഗവേഷണത്തിന് പ്രൊഫസര്‍ സാബു തോമസും നന്ദകുമാര്‍ കളരിക്കലും അനുവദിച്ചു. എന്നാല്‍ ഈക്കാരണത്താല്‍ യൂണിവേഴ്സിറ്റി അക്കാദമിക് സെക്ഷന്‍ ഇവരുടെ അപേക്ഷ നിരസിച്ചു. തുടര്‍ന്ന് സാബു തോമസും നന്ദകുമാര്‍ കളരിക്കലും യൂണിവേഴ്സിറ്റി റിസര്‍ച്ച് കമ്മറ്റിക്കും വി.സിക്കും സിന്‍ഡിക്കേറ്റിനും നിരന്തരം അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷ തള്ളിയിട്ടും സ്‌നിഗ്ധയ്ക്കും അപേക്ഷ തള്ളിയ മറ്റ് അഞ്ച് പേര്‍ക്കും ഡോക്ടറല്‍ കമ്മറ്റി നടത്തി.” ദീപ പറയുന്നു.
നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ച തനിക്കും ആരിഫ് എന്ന മറ്റൊരാള്‍ക്കും രജിസ്ട്രേഷന്‍ കിട്ടിയെന്നും എന്നാല്‍ അതേ സമയം അനധികൃതമായി ബാക്കി ആറുപേര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും ദീപ ആരോപിക്കുന്നു.
2014, 15, 16, 17 എന്നീ വര്‍ഷങ്ങളില്‍ നിരന്തരം അപേക്ഷ സമര്‍പ്പിച്ചെങ്കിലും അത് തള്ളുകയായിരുന്നു. പിന്നീട് തള്ളിയ അപേക്ഷ പരിഗണിക്കണമെന്ന് പറഞ്ഞ് ഐ.ഐ.യു.സി.എന്‍.എന്‍ അധികാരികള്‍ യൂണിവേഴ്‌സിറ്റിയോട് നിരന്തരം ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ച് അപേക്ഷയ്ക്ക് വി.സി അനുമതി നല്‍കി. പിന്നീട് 2016 മുതല്‍ രജിസ്ട്രേഷന്‍ ലഭിക്കുകയായിരുന്നു. ദീപ പറയുന്നു.
സ്‌നിഗ്ധ നിയമപരമായി പി.എച്ച്.ഡി എന്‍ട്രന്‍സ് ടെസ്റ്റ്, കോഴ്സ് വര്‍ക്ക് എന്നിവ ചെയ്തിട്ടില്ലെന്നും ദീപ ആരോപിച്ചു. “2016 ല്‍ ഇനി ശുപാര്‍ശ പോലും സ്വീകരിക്കരുതെന്ന് പറഞ്ഞ് രജിസ്ട്രാര്‍ തള്ളിയ ഫയലാണ് സ്നിഗ്ധയുടെത്. തുടര്‍ന്ന് ഈ വിവരം ഞാന്‍ അറിയുകയും വിവരാവകാശ നിയമം വെച്ച് സാക്ഷ്യപ്പെടുത്തിയ രേഖകളൊക്കെ എടുക്കുകയും ചെയ്തു” ദീപ പറയുന്നു.
ദീപ പുറത്ത് വിട്ട വിവരാവകാശ രേഖകള്‍
ഇതിനെ തുടര്‍ന്ന് തന്നെ സ്‌നിഗ്ധ വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ചെയ്‌തെന്നും തുടര്‍ന്ന് വി.സിക്ക് താന്‍ പരാതി നല്‍കിയിരുന്നെന്നും ദീപ പറയുന്നു.
എന്നാല്‍ ദീപ മനപ്പൂര്‍വ്വം ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നാണ് ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലും ഇപ്പോള്‍ യൂണിവേഴ്സിറ്റി പ്രൊ വൈസ്ചാന്‍സലര്‍ കൂടിയായ സാബു തോമസും ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
തങ്ങള്‍ക്ക് ഒരിക്കലും യൂണിവേഴ്സിറ്റി നിയമങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്ടര്‍ നന്ദകുമാര്‍ പറയുന്നത്. “യൂണിവേഴ്സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇത്. അപ്പോള്‍ യൂണിവേഴ്സിറ്റിക്ക് അപേക്ഷ നല്‍കാതെ ഞങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരമൊന്നും ആര്‍ക്കും അഡ്മിഷന്‍ നല്‍കാന്‍ കഴിയില്ല. നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ദീപയുടെ ആരോപണത്തിനെ കുറിച്ച് ഒരു പേടിയും ഇല്ല. ഞങ്ങള്‍ക്ക് യൂണിവേഴ്സിറ്റിയുടെ നിയമങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു.” അദ്ദേഹം പറയുന്നു.
എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പരാതി നല്‍കാവുന്നതേയുള്ളൂവെന്നും പിന്നെ ഡയറക്ടര്‍ എന്ന നിലയില്‍ അവര്‍ എനിക്ക് ഇതുവരെ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നും നന്ദകുമാര്‍ കൂട്ടി ചേര്‍ത്തു.
യുണിവേഴ്സിറ്റിയില്‍ പൂര്‍ണമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളതാണ് ഗവേഷകരുടെ പൂര്‍ണവിവരങ്ങളെന്നും ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും രജിസ്ട്രേഷനില്‍ ചിലകാലതാമസങ്ങള്‍ ഉണ്ടാവാറുണ്ടെന്നും അതാണ് സ്നിഗ്ധയുടെ കാര്യത്തില്‍ നടന്നതെന്നുമാണ് സാബു തോമസ് പറയുന്നത്.
എന്നാല്‍ ഈ കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് ഗവേഷകയും ആരോപണ വിധേയയുമായ സ്നിഗധ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.