| Wednesday, 11th January 2017, 4:03 pm

നാരദാ ന്യൂസ് മേധാവി മാത്യു സാമുവലില്‍ നിന്ന് വധഭീഷണിയെന്ന് മാധ്യമപ്രവര്‍ത്തകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ നാരദാ ന്യൂസിന്റെ മേധാവി മാത്യു സാമുവലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാരന്‍ രാംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്ഥാപനവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രാജിവെച്ച തന്നെ മാത്യുസാമുവല്‍ ഭീഷണിപ്പെടുത്തുകയാണെന്നും തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടു ചെയ്തിരിക്കുകയാണെന്നുമാണ് രാംകുമാര്‍ ആരോപിക്കുന്നത്. നാരദാന്യൂസിലും തെഹല്‍ക്കയിലുമായി മാത്യുസാമുവലിനൊപ്പം ജോലി ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളാണ് രാം വിശദീകരിക്കുന്നത്.

താനുള്‍പ്പെട്ട സംഘം തയ്യാറാക്കിയ മൂന്ന് പ്രധാനപ്പെട്ട വാര്‍ത്തകള്‍ സ്ഥാപനം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്നുള്ള അഭിപ്രായ ഭിന്നതകളും ഇതേത്തുടര്‍ന്നുളള തന്റെ രാജിയുമാണ് കാര്യങ്ങളെ ഈ നിലയ്ക്ക് എത്തിച്ചതെന്നും രാം പറയുന്നു. ആ വാര്‍ത്തകളെക്കുറിച്ച് രാം കുമാര്‍ തന്റെ പോസ്റ്റില്‍ വിശദമായി തന്നെ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.


Must Read:നോട്ടുനിരോധനം വന്‍വിജയമെന്ന് ഇപ്പോഴും മോദി അവകാശപ്പെടുന്നത് എന്നെ അത്ഭുതപ്പെടുന്നു: അമര്‍ത്യാസെന്‍


തീഹാര്‍ ജയിലുമായും കേരളവുമായും ബീഹാറുമായും ബന്ധപ്പെട്ട് താനുള്‍പ്പെട്ട സംഘം തയ്യാറാക്കിയ മൂന്ന് വാര്‍ത്തകള്‍ മാത്യുസാമുവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാവാതിരുന്നതാണ് തന്റെ രാജിയിലേക്കു നയിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പുകേസില്‍ സുപ്രീം കോടതി ശിക്ഷിച്ച് തീഹാര്‍ ജയിലില്‍ കഴിയുന്ന ഒരു വ്യവസായിയുമായി ബന്ധപ്പെട്ടതാണ് തീഹാര്‍ ജയിലുമായി ബന്ധപ്പെട്ട വാര്‍ത്ത. ഇയാള്‍ ഗസ്റ്റ് ഹൗസായാണ് ജയിലിനെ ഉപയോഗിക്കുന്നത് എന്നതായിരുന്നു വാര്‍ത്ത. തങ്ങള്‍ വളരെ കഷ്ടപ്പെട്ട് ചെയ്ത ആ വാര്‍ത്ത പുറത്തുവന്നില്ല. രണ്ട് ഗ്രൂപ്പുകളായി വര്‍ക്കു ചെയ്ത ആ സ്റ്റോറി രണ്ടാമത്തെ ഗ്രൂപ്പ് കംപ്ലീറ്റാക്കിയില്ല എന്നതാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാത്തതിന് തന്നോടു പറഞ്ഞ കാരണമെന്നാണ് രാംകുമാര്‍ പറയുന്നത്.

എന്നാല്‍ ഇതായിരുന്നില്ല യഥാര്‍ത്ഥ കാരണമെന്നും അത് തനിക്ക് പിന്നീട് വ്യക്തമായെന്നും രാംകുമാര്‍ പറയുന്നു. “പക്ഷെ ഈ അടുത്ത കാലത്തു യാദൃശ്ചികമായി എന്റെ കയ്യില്‍ ഒരു വീഡിയോ കിട്ടി അതില്‍ മാത്യു സാമുവല്‍ ഈ വ്യവസായിയുടെ അടുപ്പക്കാരുമായി സംസാരിക്കുന്നതാണ്. കൂടെ ഇരുന്ന ആള്‍ ആണ് അത് വീഡിയോയില്‍ പകര്‍ത്തിയത്. അതില്‍ നിന്നും മനസ്സിലായി അത് എന്തുകൊണ്ട് അത് പുറത്തുവന്നില്ല എന്ന്.” രാം വിശദീകരിക്കുന്നു.


Also Read:നല്ല ഭക്ഷണം കിട്ടുന്നില്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ജവാനെക്കുറിച്ച് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ യാതൊരു വിവരവുമില്ലെന്ന് ഭാര്യ


പശ്ചിമബംഗാളുമായി ബന്ധപ്പെട്ട് നാരദ ചെയ്ത സ്റ്റിങ് ഓപ്പറേഷനു സമാനമായ സ്‌റ്റോറിയായിരുന്നു ബീഹാറുമായി ബന്ധപ്പെട്ടത്. സഹപ്രവര്‍ത്തകനായ ജോണ്‍സണും മാത്യുവും താനും കൂടി ചെയ്ത ആ സ്റ്റിങ് ഓപ്പറേഷന്‍ പുറത്തുവന്നത് ഒരു ബി.ജെ.പി യൂട്യൂബ് ചാനലിലൂടെയാണ്. അതിനു വ്യക്തമായ കാരണമൊന്നും പറഞ്ഞില്ലെന്നും രാംകുമാര്‍ ആരോപിക്കുന്നു.

“അത് ഗംഭീരമായി ചെയ്തു. പക്ഷെ ഞങ്ങള്‍ അത് പബ്ലിഷ് ചെയ്യും മുമ്പേ അത് അതുവരെ കേട്ടിട്ടില്ലാത്ത ബി.ജെ.പി ബന്ധമുള്ള ഒരു യൂടൂബ് ചാനലില്‍ വന്നു. അതിന്റെ കാരണം ഇപ്പോഴും എനിക്ക് കൃത്യമായി അറിയില്ല. പലരോടും പല കാരണങ്ങള്‍ ആണ് പറയുന്നത്. എന്നോട് പറഞ്ഞ കാരണം പോലീസിനോട് മാത്രം പറയാന്‍ നോക്കുന്ന കാരണം ആണ്. ബിജെപി ആണ് ആ സ്റ്റിങ് ബീഹാറില്‍ ഉപയോഗിച്ചത്.” രാംകുമാര്‍ പറയുന്നു.

കേരളത്തില്‍ സോളാര്‍ വിവാദം കത്തി നില്‍ക്കുന്ന സമയത്ത് ചെയ്തതാണ് മൂന്നാമത്തെ വാര്‍ത്ത. കേരളത്തില്‍ ഒരു വനിതാ സംരംഭക വന്നാല്‍ എന്താണ് അവരുടെ അവസ്ഥ എന്നതാണ് സ്റ്റോറി. താനും സഹപ്രവര്‍ത്തകയും ചെയ്ത ആ വാര്‍ത്തയും പുറത്തുവന്നില്ല. അതിനു കാരണമായി പല ഒഴിവുകഴിവുകളും നിരത്തുകയാണ് മാത്യു സാമുവല്‍ ചെയ്തത്. ഇതെല്ലാമാണ് തന്റെ രാജിയില്‍ കൊണ്ടെത്തിച്ചതെന്നു പറയുന്ന രാം കുമാര്‍ ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതെ വെച്ചതിനുള്ള യഥാര്‍ത്ഥ  കാരണം മാത്യുസാമുവല്‍ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.

“ഈ വാര്‍ത്തകള്‍ എല്ലാം പുറത്തു വരണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം. അതിനു വേണ്ടിയാണ് ഇത്ര കഷ്ട്ടപ്പെട്ടു ഇതൊക്കെ ചെയ്തതും. കഷ്ട്ടപ്പെടുക എന്ന് പറഞ്ഞാല്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് ചെയ്തത്. അല്ലാതെ ആര്‍ക്കെങ്കിലും പണക്കാരന്‍ ആകാന്‍ അല്ല ഞാനും അന്ന് തെഹല്‍ക്കയില്‍ ഉണ്ടായിരുന്നവരും ജീവന്‍ പണയം വെച്ച് ഇതൊക്കെ ചെയ്തത്.” രാംകുമാര്‍ പറയുന്നു.

ഈ വിഷയങ്ങളുടെ പേരില്‍ രാജിവെച്ച തന്നെ മാത്യു സാമുവലും കേരളത്തിലെ ചില മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്നും രാം പറയുന്നു. തനിക്കെതിരെ കള്ളക്കേസ് കൊടുത്തു. ചില മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഹണിട്രാപ്പില്‍ പെടുത്തുന്ന വീഡിയോ കാട്ടി കോടികള്‍ തട്ടാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു കേസ്. എന്നാല്‍ പൊലീസിന് ഇത് വിശ്വസിക്കാന്‍ കഴിയാത്തതുകൊണ്ട് അതു നടന്നില്ല. പിന്നീട് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വ്യാജ വാര്‍ത്ത നല്‍കി. ഇപ്പോള്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും രാം ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more