കേന്ദ്രസഹായം വാഗ്ദാനം നല്‍കി ബി.ജെ.പി സംസ്ഥാന നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയതായി ആരോപണം
Kerala
കേന്ദ്രസഹായം വാഗ്ദാനം നല്‍കി ബി.ജെ.പി സംസ്ഥാന നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയതായി ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th May 2017, 9:48 am

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ക്ക് കേന്ദ്ര സഹായവും സംസ്ഥാനത്ത് പുതിയ വിമാനത്താവളത്തിന് അനുമതിയും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയതായി ആരോപണം. ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ വി. മുരളീധരന്‍ ഗ്രൂപ്പാണ് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

ഔദ്യോഗിക വിഭാഗം നേതാവിന്റെ നേതൃത്വത്തിലാണ് കോടികള്‍ തട്ടിയതെന്നാണ ആരോപണം. ആറുമാസത്തിനിടെ നടത്തിയ കോഴ ഇടപാടിന്റെ കണക്ക് സഹിതം അവതരിപ്പിച്ചാണ് കോര്‍ കമ്മിറ്റിയില്‍ നടപടി ആവശ്യപ്പെട്ടത്.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍കോളേജുകള്‍ തുടങ്ങാന്‍ അഞ്ചു കോടി വീതം ആശുപത്രി മാനേജ്‌മെന്റുകളോട് നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ഇതില്‍ രണ്ടുകോടി വീതം കൈപ്പറ്റിയെന്നും മുരളീധരന്‍ വിഭാഗം ആരോപിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു.


Must Read:മോദി പഠിച്ചെന്നവകാശപ്പെടുന്ന പാഠ്യപദ്ധതി ആ സമയത്ത് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നില്ലെന്ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍


ഇതിനു പുറമെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രതിസന്ധിയിലുള്ള നാല് സ്വാശ്രയ മെഡിക്കല്‍കോളേജുകളോട് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങിനല്‍കാമെന്നു പറഞ്ഞ് ഓരോ കോടി ആവശ്യപ്പെട്ടുവെന്നും ആരോപണമുയര്‍ന്നു. മുന്‍കൂറായി 50 ലക്ഷം വീതം കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്.

പത്തനംതിട്ടയില്‍ വിമാനത്താവളത്തിന് പ്രവാസികളുടെ ഒരു കമ്പനിക്ക് അനുമതി വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കി വിദേശ മലയാളിയില്‍നിന്ന് 50 ലക്ഷം രൂപ കൈപ്പറ്റിയതായും ആരോപണമുണ്ട്.

മുരളീധരന്‍ വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബി.ജെ.പി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി.എല്‍ സന്തോഷിനെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോഴ വാങ്ങിയതു സംബന്ധിച്ച് നേരത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പരാതി നല്‍കിയെങ്കിലും മുക്കിയതിനെ തുടര്‍ന്നാണ് കോര്‍കമ്മിറ്റിയില്‍ ഉന്നയിക്കുന്നതെന്ന മുഖവുരയോടെയാണ് മുരളീധരവിഭാഗം യോഗത്തില്‍ ആരോപണമുന്നയിച്ചത്.