| Friday, 14th June 2019, 12:57 pm

തെരഞ്ഞെടുപ്പു ഫണ്ടായി ലഭിച്ചത് രണ്ടേമുക്കാല്‍ കോടി; കണക്ക് നല്‍കിയത് 35ലക്ഷത്തിന്റെ; സുരേന്ദ്രനെതിരെ ഫണ്ട് വെട്ടിപ്പ് ആരോപണമുയര്‍ത്തി ലഘുലേഖ: പിന്നില്‍ എതിര്‍ഗ്രൂപ്പെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫണ്ട് വെട്ടിപ്പും വോട്ടു കച്ചവടവും നടത്തിയെന്ന ആരോപണം ഉന്നയിച്ച് ലഘുലേഖ പ്രചരിക്കുന്നു. പത്തനംതിട്ടയില്‍ നിന്നാണ് ലഘുലേഖ പ്രചരണം തുടങ്ങിയത്.

കെ. സുരേന്ദ്രന്റെ പേരെടുത്തു പറഞ്ഞാണ് ‘രസിക്കാത്ത സത്യങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന ലഘുലേഖയില്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മത്സരിച്ച യു.ഡി.എഫിലെ അടൂര്‍ പ്രകാശുമായി ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്നാണ് പ്രധാന ആക്ഷേപം. അടൂര്‍ പ്രകാശിന്റെ ബന്ധുവിന്റെ തിരുവനന്തപുരത്തെ ഹോട്ടലില്‍ ചര്‍ച്ച നടത്തിയെന്നാണ് ലഘുലേഖയില്‍ പറയുന്നത്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് ബി.ജെ.പി വോട്ട് മറിച്ചുനല്‍കും. അടൂര്‍ പ്രകാശ് വിജയിച്ചാല്‍ കോന്നിയിലെ ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായെത്തും. അപ്പോള്‍ പ്രത്യുപകാരമായി പ്രകാശ് കോണ്‍ഗ്രസ് വോട്ടുകള്‍ നല്‍കി സഹായിക്കുമെന്നും ധാരണയുണ്ടാക്കിയെന്നാണ് ലഘുലേഖയില്‍ പറയുന്നത്.

’25 ലക്ഷം രൂപ സുരേന്ദ്രന് അടൂര്‍ പ്രകാശ് തെരഞ്ഞെടുപ്പു ഫണ്ടായി നല്‍കുകയും ചെയ്തു.’ എന്നാണ് ലഘുലേഖയില്‍ പറയുന്നത്.

‘പാര്‍ട്ടി സംസ്ഥാന നേതൃത്വം നല്‍കിയ അഞ്ചുകോടിയ്ക്ക് പുറമേ സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ ഫണ്ടായി പ്രമുഖ വ്യക്തികള്‍ നല്‍കിയത് രണ്ടുകോടി 85 ലക്ഷം രൂപയാണ്. ഈ തുകയില്‍ നിന്ന് 35 ലക്ഷം മാത്രമാണ് സുരേന്ദ്രന്‍ നേതൃത്വത്തിന് കൈമാറിയത്. ഇതില്‍ അമൃതാനന്ദമയി മഠം 15 ലക്ഷം, എന്‍.ഐ.ഐ സെല്‍ 10 ലക്ഷം രണ്ടു ജ്വല്ലറികളില്‍ നിന്നായി പത്തുലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍ നല്‍കിയതെന്നും ലഘുലേഖയില്‍ പറയുന്നു.

പത്തനംതിട്ട മണ്ഡലത്തില്‍ പലയിടത്തും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി നേതൃത്വം സുരേന്ദ്രനെ അറിയിച്ചെങ്കിലും പണം കൈവശമുണ്ടായിരുന്നിട്ടും സുരേന്ദ്രന്‍ ഒരുരൂപപോലും കൊടുത്തില്ലെന്നും നോട്ടീസില്‍ പറയുന്നു.

സുരേന്ദ്രന്‍ മുമ്പും ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണവും ലഘുലേഖയില്‍ ഉന്നയിക്കുന്നുണ്ട്. കാസര്‍ഗോഡ് മണ്ഡലത്തില്‍ 2014 ല്‍ ലോക്‌സഭയിലേക്കും 2016ല്‍ നിയമസഭയിലേക്കും പ്രചരണത്തിന് നല്‍കിയത് ഒന്നരക്കോടി രൂപയാണ്. ഇതിനു പുറമേ സംഭാവനയായും തുക ലഭിച്ചിട്ടുണ്ട്. ഈ ഫണ്ട് സുരേന്ദ്രന്‍ സ്വന്തമായിട്ടാണ് കൈകാര്യം ചെയ്തത്. തെരഞ്ഞെടുപ്പ് കണക്ക് അവതരിപ്പിക്കുകയോ നേതൃത്വത്തിന് കണക്ക് കൈമാറുകയോ ചെയ്തിട്ടില്ലെന്നും ലഘുലേഖയില്‍ ആരോപിക്കുന്നു.

അതേസമയം ആരോപണവും ലഘുലേഖയും സുരേന്ദ്രന്‍ വിഭാഗം തള്ളി. സംസ്ഥാന പ്രസിഡന്റ് പദം നഷ്ടമാകുമെന്ന ഭീതിയില്‍ പി.എസ് ശ്രീധരന്‍ പിള്ള പക്ഷമാണ് ഇതിനു പിന്നിലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

We use cookies to give you the best possible experience. Learn more