കൊല്ലം: കൊല്ലം ഇടിമുളയ്ക്കലില്‍ സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ കൊലപാതകത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ചിലര്‍ തന്നെയെന്ന ആരോപണവുമായി ഭാര്യ ബിന്ദു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ഇവര്‍ അന്വേഷണം അട്ടിമറിക്കുകയാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
കൊലപാതകം സംബന്ധിച്ച് അന്വേഷണത്തിന് ആവശ്യപ്പെട്ടപ്പോള്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭീഷണിപ്പെടുത്തിയെന്നും ബിന്ദു വെളിപ്പെടുത്തുന്നു. മക്കളേയും കുടുംബത്തേയും ഇല്ലാതാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ബിന്ദു പറയുന്നത്.
തങ്ങളുടെ കുടുംബത്തിനുമേല്‍ പാര്‍ട്ടി നിരീക്ഷണമുണ്ടെന്നും ബിന്ദു ആരോപിക്കുന്നു. വീട്ടില്‍ ആരൊക്കെ വന്നുപോകുന്നുണ്ട് എന്ന കാര്യം പാര്‍ട്ടി കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട തങ്ങളുടെ സംശയം മറ്റാരോടെങ്കിലും പറയുന്നുണ്ടോയെന്നറിയാനാണിതെന്നാണ് ബിന്ദു ആരോപിക്കുന്നത്.
അതേസമയം പാര്‍ട്ടിയ്‌ക്കെതിരെയല്ല, ചില നേതാക്കള്‍ക്കെതിരെയാണ് തങ്ങളുടെ ആരോപണമെന്നും കുടുംബം ഇപ്പോഴും പാര്‍ട്ടി കുടുംബം തന്നെയാണെന്നും ഇവര്‍ പറയുന്നു.
2008ലാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ രവീന്ദ്രന്‍ പിള്ളയ്ക്കുനേരെ ആക്രമണമുണ്ടായത്. കേസ് നിലവില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.