അമൃതാനന്ദമയീ മഠത്തിനെതിരെയുള്ള ആരോപണം: കേസെടുക്കാത്തതിന് പോലീസിനെതിരെ ഹരജി
Kerala
അമൃതാനന്ദമയീ മഠത്തിനെതിരെയുള്ള ആരോപണം: കേസെടുക്കാത്തതിന് പോലീസിനെതിരെ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th March 2014, 12:04 pm

[share]

[]കൊല്ലം: അമൃതാനന്ദമയീ മഠത്തിനെതിരെയുള്ള ആരോപണങ്ങളില്‍ കേസെടുക്കാത്തതിന് പോലീസിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ ഹരജി.

അഡ്വ.ദീപക് പ്രകാശാണ് ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുന്നത്.

ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി, എസ്.പി, കരുനാഗപ്പള്ളി എസ്.ഐ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സ്വാധീനം മൂലമാണ് കേസെടുക്കാത്തതെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.

അമൃതാനന്ദമയിയുടെ വിശ്വസ്ത ശിഷ്യയായിരുന്ന ഓസ്‌ട്രേലിയ സ്വദേശിനി ഗെയ്ല്‍ ട്രെഡ്‌വെല്‍ തന്റെ “ഹോളി ഹെല്‍ എ മെമോയര്‍ ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യുവര്‍ മാഡ്‌നെസ്” എന്ന പുസ്തകത്തിന്‍ അമൃതാനന്ദമയിക്കെതിരെ ആരോപണവുമായി രംഗത്തു വന്ന സാഹചര്യത്തില്‍ അമൃതാനന്ദമയീ മഠത്തിനെതിരെ കരുനാഗപ്പള്ളി പോലീസില്‍ പരാതിപ്പെട്ടതും അഡ്വ.ദീപക് പ്രകാശ് തന്നെയായിരുന്നു.

പരാതിയിന്മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചിരുന്നു.

ഈ പരാതിയിന്മേല്‍ തുടര്‍ നടപടികളൊന്നുമുണ്ടാവാതിരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഹരജി നല്‍കിയിരിയ്ക്കുന്നത്.

അതേസമയം ഗെയ്ല്‍ നേരിട്ട് കോടതിയില്‍ മൊഴി നല്‍കിയാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയൂവെന്ന് പോലീസ് അറിയിച്ചിരുന്നു.