| Saturday, 21st September 2019, 5:23 pm

നഴ്‌സസ് സംസ്ഥാന സമ്മേളനത്തിന് രസീത് പോലും നല്‍കാതെ വന്‍ പിരിവ്; ഓരോരുത്തരില്‍ നിന്നും അസോസിയേഷന്‍ പിരിക്കുന്നത് 3000 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന കേരള നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന് വേണ്ടി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ നാലുമാസമായി നടക്കുന്നത് വലിയ പണപ്പിരിവെന്നു പരാതി. ഡ്യൂട്ടി സമയത്ത് നഴ്‌സിങ് സൂപ്രണ്ടിന്റെ ഓഫീസിനു മുന്നില്‍ നിന്നാണ് പിരിവു നടത്തുന്നത്.

നാനൂറിലധികം വരുന്ന നഴ്‌സുമാരുള്ള മെഡിക്കല്‍ കോളജില്‍ ഓരോ അംഗവും നല്‍കേണ്ട തുക 3,000 രൂപയാണ്. ഒറ്റത്തവണ അടയ്ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തവണകളായി പണം അടയ്ക്കാനുള്ള സൗകര്യമൊരുക്കാനാണ് നാലുമാസം മുന്‍പേ പിരിവു തുടങ്ങിയത്.

പ്രളയ ദുരിതാശ്വാസത്തിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കി തൊട്ടുപിന്നാലെയാണു സംഭാവനയായി യൂണിയന്‍ നേതാക്കള്‍ വന്‍ തുക നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുത്തത്. ഇതില്‍ ഭൂരിഭാഗം നഴ്‌സുമാരും അതൃപ്തിയിലാണ്.

‘കഴിഞ്ഞവര്‍ഷം 1000 രൂപയാണ് കേരള നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിനായി പിരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഒറ്റയടിക്ക് തുക ഇരട്ടിയിലധികമായി ഉയര്‍ത്തുകയായിരുന്നു. 3000 രൂപ എല്ലാവരും തരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഘട്ടം ഘട്ടമായി തുക തന്നാല്‍ മതിയെന്നും പറഞ്ഞു.

പ്രളയ ദുരിതാശ്വാസത്തിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കിയതിനു പിന്നാലെയാണ് പിരിവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും വലിയ തുക നല്‍കേണ്ടി വരുന്നത് ഞങ്ങള്‍ നഴ്‌സുമാരെ ബാധിക്കുന്നുണ്ട്.’- പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ മെഡിക്കല്‍ കോളജിലെ ഒരു നഴ്‌സ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവില്‍ ഡ്യൂട്ടിയുള്ള വനിതാ നേതാവും സംഘവും ഡ്യൂട്ടി സമയത്ത് രാവിലെയും വൈകിട്ടുമായി മൂന്നു മണിക്കൂര്‍ നേരം നഴ്‌സിങ് സൂപ്രണ്ടിന്റെ ഓഫീസിനു മുന്നില്‍ രസീത് പോലുമില്ലാതെയാണ് പിരിവു നടത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സമ്മേളനത്തിനു സംസ്ഥാനത്ത് മൊത്തമായി പിരിവ് നടക്കുമ്പോള്‍ എന്തിനാണ് ഇത്ര വലിയ സംഖ്യ വാങ്ങുന്നതെന്ന ചോദ്യത്തിനു മറ്റു ജില്ലകളില്‍ നിന്നു വരുന്നവര്‍ക്കു ഭക്ഷണവും താമസവുമൊരുക്കാനാണ് എന്നായിരുന്നു മറുപടി. മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ക്കിടയില്‍ ഒരു സംഘടന മാത്രമേ ഉള്ളൂ എന്നതിനാല്‍ എല്ലാവരും പിരിവ് നല്‍കേണ്ട സാഹചര്യമാണുള്ളത്.

നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷ(യു.എന്‍.എ)നിലെ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നാലെയാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതിയ പണപ്പിരിവ് ഉണ്ടായിരിക്കുന്നത്.

മുന്‍പ് യു.എന്‍.എ അഴിമതിക്കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ജാസ്മിന്‍ ഷായെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അടക്കം നാല് പ്രതികള്‍ക്കെതിരെയും ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിന്‍ ഷാക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നത്. പിന്നീട് കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതിനെതിരെ ജാസ്മിന്‍ ഷാ കോടതിയിലെത്തി. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും യു.എന്‍.എയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും ജാസ്മിന്‍ ഷാ കോടതിയില്‍ വാദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഫണ്ട് തിരിമറി നടത്തിയ അതേ അക്കൗണ്ടില്‍ നിന്നും പണമെടുത്താണ് ജാസ്മിന്‍ ഷായും സംഘവും കേസ് നടത്തുന്നതെന്നും ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് ഷാ നടത്തിയതെന്നും കേസ് നല്‍കിയ സി.ബി മുകേഷ് ആരോപിച്ചിരുന്നു.

സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നായിരുന്നു പരാതി.

ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. നഴ്‌സുമാരുടെ ലെവി പിരിച്ചതടക്കമുള്ള തുകയില്‍ നിന്നായിരുന്നു അന്ന് തിരിമറിയുണ്ടായത്.

We use cookies to give you the best possible experience. Learn more