| Monday, 4th November 2019, 3:09 pm

അത് ഞങ്ങളും വായിക്കുന്ന പുസ്തകങ്ങളാണ്, അവന്‍ ജനിക്കുന്നതിനു മുമ്പുള്ള പുസ്തകങ്ങള്‍ വാങ്ങിയത് ഞങ്ങളാണ്, ഞങ്ങളേയും അറസ്റ്റ് ചെയ്യൂ; അലന്റെ മാതാപിതാക്കള്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല നോട്ടീസ് പിടിച്ചെടുത്തുവെന്ന് പറഞ്ഞാണ് നിയമവിദ്യാര്‍ത്ഥിയും സി.പി.ഐ.എം പ്രവര്‍ത്തകനുമായ അലന്‍ ഷുഹൈബിനെ പന്തീരാങ്കാവ് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത്.

അലനെ പൊലീസ് പിടിച്ച രാത്രിയില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് മാതാപിതാക്കളായ സബിതയും ഷുഹൈബും ഡൂള്‍ന്യൂസിനോട് പറയുന്നു

സബിത മഠത്തില്‍

കുട്ടി പത്തു മണിയ്ക്കും വരുന്നില്ല, അപ്പോള്‍ തന്നെ എനിക്ക് ടെന്‍ഷന്‍ ആയി. ഇവനെവിടെ പോയി? ഇവന് ഭക്ഷണവും എടുത്ത് വച്ചു. പതിനൊന്നായി…പന്ത്രണ്ടായി…ഒരുമണിയായി.. ഞാനും ഭര്‍ത്താവും ലൈറ്റ് ഒന്നും അണയ്ക്കാതെ കാത്തിരിക്കുകയാണ്. അപ്പോഴെനിക്ക് പേടിയാവാന്‍ തുടങ്ങി. ബോധത്തോടെ എവിടെയുണ്ടെങ്കിലും അവന്‍ ഫോണ്‍ ചെയ്യേണ്ടതാണ്.

കുട്ടി എവിടെയോ അബോധാവസ്ഥയിലായി കിടക്കുന്നുണ്ട്. ആക്സിഡന്റ് സംഭവിച്ചിട്ടുണ്ടോ? ആരും അവനെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഞാന്‍ ആ ടെന്‍ഷനില്‍ ഞാന്‍ കിടക്കുന്നു. അപ്പോള്‍ നാലു മണിക്കുണ്ട് വാതിലില്‍ മുട്ടുന്നു. പത്ത് മുപ്പത് പോലീസും. പിന്നീടുള്ള തെരച്ചിലും. അപ്പോഴാണ് ഞാന്‍ അറിയുന്നത് കുട്ടിയെ ഇങ്ങനെ പിടിച്ചിട്ടുണ്ട് എന്ന്.

അവനെ ഞാന്‍ കാണാന്‍ പോയില്ല. കയ്യാമം വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാന്‍ അതൊന്നും അന്വേഷിച്ചില്ല. ഞാന്‍ മിണ്ടാതിരുന്നു. ഞാന്‍ ആകെ ഷോക്ഡ് ആയിപോയി ഞാന്‍ അവിടിരുന്നു.

അവന്റെ റൂം ചോദിച്ചു. സത്യത്തില്‍ അവന് ഇതുവരെ റൂമില്ല. അതു പറഞ്ഞ് അവന്‍ എപ്പോഴും പരാതിയാണ്. ഇപ്പോള്‍ കോമ്മണ്‍ റൂം ആണ്. അന്ന് അമ്മ ഉപയോഗിച്ചിരുന്ന മുറി ഇപ്പോള്‍ ഞാനും അവനും കൂടിയാണ് ഉപയോഗിക്കുന്നത്. അവര്‍ ആ റൂം തെരഞ്ഞ് തിരിച്ചു വന്നു. പിന്നെ അവര്‍ നമ്മള് വായിക്കുന്ന സംഘടിതയും ഭര്‍ത്താവ് കൊണ്ടുവെച്ച പോസ്റ്ററുകളും ഒക്ക തെരയാന്‍ തുടങ്ങി.

അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും എനിക്ക് കണ്‍ട്രോള്‍ പോയി. ഇതൊന്നും അവന്റെ പേരില്‍ ഇടാന്‍ പറ്റില്ല, ഇതൊക്കെ ഞങ്ങളും വായിക്കുന്ന പുസ്തകങ്ങളാണ്, ഞങ്ങള് കൊണ്ടു വരുന്ന പോസ്റ്ററുകളാണ്, ആ രീതിയിലാണ് നിങ്ങള്‍ തെരയുന്നതെങ്കില്‍ അവന്റെ തലയില്‍ പുസ്തകങ്ങള്‍ ഇടാന്‍ പറ്റില്ല. നിങ്ങള്‍ ഞങ്ങള്‍ എല്ലാവരെയും ഇവിടുന്ന് അറസ്റ്റുചെയ്യണമെന്ന് പറഞ്ഞു.

ആ പുസ്തകങ്ങളൊന്നും ഒരിക്കലും അവന്റെ പേരില്‍ ഇടാന്‍ പറ്റില്ല. അവന്‍ ജനിക്കുന്നതിനു മുമ്പുള്ള പുസ്തകങ്ങളാണ് എന്നു പറഞ്ഞു. എന്തായാലും ഇവിടുന്ന് ഒരു പുസ്തകമോ ബുക്ലെറ്റോ ഒന്നും അവര്‍ എടുത്തിട്ടില്ല.

ഷുഹൈബ്

ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഇവിടുണ്ട്. നമ്മള് പുസ്തകങ്ങള് കണ്ടാല്‍ വാങ്ങുകയും അത് വായിക്കുകയും വായിക്കാന്‍ പ്രേരിപ്പിക്കുകയും ഇന്ന പുസ്തകം എന്റെ കയ്യില്‍ ഉണ്ടെന്നും നിങ്ങള്‍ വായിക്കണമെന്നുമൊക്കെ പറയുന്ന ഒരു മനോഭാവം ഉള്ള ആള്‍ക്കാരാണ്. എല്ലാ വീടുകളിലും ചെങ്കൊടി ഉയരണമെന്നാണല്ലോ ഒരു മുദ്രാവാക്യം. കേരളത്തിലും മാറ്റം വരണം.

അപ്പോള്‍ സ്വാഭാവികമായിട്ടും ഈ മാറ്റത്തിനൊപ്പം നില്‍ക്കുന്ന ആള്‍ക്കാര് വീട്ടില് ചെങ്കൊടി സൂക്ഷിക്കുമ്പോള്‍, ഇപ്പോള്‍ അലന്റെ കയ്യിലൊക്കെ തന്നെ ബാലസംഘം മുതലുള്ള എല്ലാ ബാഡ്ജുകളുണ്ട്, ചെങ്കൊടിയുണ്ട് എല്ലാമുണ്ടല്ലോ. പോലീസുകാര്‍ ഇവിടെ വന്നിട്ട് ആ ചെങ്കൊടി മാത്രം എടുത്ത് കൊണ്ടു പോവുകയാണ് എന്നുണ്ടെങ്കില്‍ ചെങ്കൊടി ഉപയോഗിക്കുന്ന പാര്‍ട്ടികളും അല്ലെങ്കില്‍ വ്യക്തികളും ഭീകര വാദികളാണെന്നുണ്ടെങ്കില്‍ അതൊരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.

അത് വടക്കെ ഇന്ത്യന്‍ പൊലീസ് മേധാവികളൊക്കെ പുലര്‍ത്തിപ്പോരുന്ന തെറ്റായ ഒരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more