താഹ കൂട്ടുപ്രതിയല്ല സഹോദരനാണ്, ജയിലിലെന്നപോലെ പുറത്തും എന്നെ ചേര്‍ത്ത് നിര്‍ത്തിയവന്‍: അലന്‍
Kerala
താഹ കൂട്ടുപ്രതിയല്ല സഹോദരനാണ്, ജയിലിലെന്നപോലെ പുറത്തും എന്നെ ചേര്‍ത്ത് നിര്‍ത്തിയവന്‍: അലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th January 2021, 9:19 am

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് ജാമ്യം റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതികരണവുമായി അലന്‍ ഷുഹൈബ്. താഹയുടെ ജാമ്യം റദ്ദാക്കപ്പെട്ട നടപടി ഭീകരമായിപ്പോയെന്നും താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്നുവെന്നുമാണ് അലന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ താഹയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയത്.

ജയിലിലെന്നപോലെ പുറത്തും തന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നുവെന്നും, താഹ തനിക്ക് കേവലം കൂട്ടുപ്രതിയല്ല, സഹോദരനാണെന്നും അലന്‍ പറയുന്നു.

അലന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

താഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്. അവന്‍ പണി സ്ഥലത്തും ഞാന്‍ കോളേജിലുമായിരുന്നു. ഇന്നലെ താഹയുടെ ഇക്കാക്കയുടെ പിറന്നാളുമായിരുന്നു. കഴിഞ്ഞയാഴ്ച്ച സ്റ്റേഷനില്‍ ഒപ്പിടാന്‍ വേണ്ടി നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു. കുറേ കാലത്തിന് ശേഷം പുറത്ത് പോയി ഒരു മില്‍ക്കവിലും ഉന്നക്കായും കഴിച്ചു. പതിവ് പോലെ പൈസ അവന്‍ തന്നെയാണ് കൊടുത്തത്.

ജയിലില്‍ നിന്നും ഇറങ്ങിയാലുള്ള ഒരു തരം സാമൂഹിക ഒറ്റപ്പെടുത്തല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ പലരും മിണ്ടാതാകുമ്പോള്‍ എനിക്ക് അത് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു. എനിക്ക് എന്തും തുറന്ന് പറയാന്‍ കഴിയുന്നത് അവനോട് മാത്രമായിരുന്നു.

ഇത് ഭീകരമായിപ്പോയി. ഈ താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്കിതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. കാരണം എന്റെ സഹോദരനാണ് ജയിലില്‍ പോയത്. അല്ലാതെ കേവലം കൂട്ടുപ്രതിയല്ല. അക്ഷരാര്‍ഥത്തില്‍ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Allan Shuhaib’s response against Thaha Fasal’s bail rejection