എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ പരാതിയില്‍ ഹാജരാകാന്‍ നോട്ടീസ്; അക്രമമല്ല മാര്‍ഗം, നിയമപരമായി തന്നെ നേരിടുമെന്ന് അലന്‍
Kerala News
എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ പരാതിയില്‍ ഹാജരാകാന്‍ നോട്ടീസ്; അക്രമമല്ല മാര്‍ഗം, നിയമപരമായി തന്നെ നേരിടുമെന്ന് അലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th November 2022, 10:25 pm

തലശ്ശേരി: പാലയാട് ക്യാമ്പസില്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന പരാതി വ്യാജമാണെന്നും ഈ ആരോപണത്തെ നിയമപരമായി തന്നെ നേരിടുമെന്നും അലന്‍ ഷുഹൈബ്.

താന്‍ കൃത്യമായി ക്ലാസില്‍ പോകുകയും പരീക്ഷകള്‍ എഴുതിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വിദ്യാര്‍ഥി മാത്രമാണെന്നും താനാരെയും ഉപദ്രവിക്കില്ലെന്ന് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് അറിയാമെന്നും അലന്‍ പറഞ്ഞു.

ആന്റി റാഗിങ് കമ്മിറ്റിയുടെ മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് വന്ന നോട്ടീസിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അലന്‍ ഇക്കാര്യങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒന്നാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് അലനെതിരെ പരാതി നല്‍കിയിരുന്നത്. ആന്റി റാഗിങ് സ്‌ക്വാഡ് ഈ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ നോട്ടീസില്‍ പറയുന്നുണ്ട്. തുടര്‍നടപടികളുടെ ഭാഗമായി നവംബര്‍ ഏഴാം തീയതി ഉച്ചക്ക് 2.30ന് കോളേജില്‍ ആന്റി റാഗിങ് കമ്മിറ്റിയുടെ യോഗം നടക്കുമെന്നും അതില്‍ ഹാജരാകാനുമാണ് അലനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു പ്രശ്‌നത്തിനും പോകാതെ പഠിപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുന്ന താന്‍, ഒരാളെ തല്ലുന്നത് കണ്ട് പിടിച്ചുവെക്കാന്‍ പോവുക മാത്രമാണ് ചെയ്തതെന്ന് അലന്‍ പറയുന്നു.

ഭീഷണികളും അതിക്രമങ്ങളും കാരണം തനിക്കും സുഹൃത്തുക്കള്‍ക്കും പഠിക്കാന്‍ കഴിയാതായപ്പോഴാണ് പ്രതിഷേധിച്ചതെന്നും അല്ലാതെ എസ്.എഫ്.ഐയെ ഇല്ലാതാക്കാനൊന്നും താന്‍ ലക്ഷ്യം വെച്ചിട്ടില്ലെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു. അക്രമം തങ്ങളുടെ മാര്‍ഗമല്ലെന്നും എന്നാല്‍ നീതിക്ക് വേണ്ടി അവസാനം വരെ പോരാടുമെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നവംബര്‍ രണ്ടിന് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് അലനെ പൊലീസ് വിട്ടയക്കുകയായിരുന്നു.

അലന്‍ ഷുഹൈബിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ആന്റി റാഗിങ് കമ്മിറ്റിയുടെ മുന്നില്‍ തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഈ വ്യാജ ആരോപണത്തിനെതിരെ നിയമാനുസൃതം പോരാടാന്‍ ആണ് തീരുമാനം.

‘അടങ്ങി ഇരിക്ക്’, ‘പഠനത്തില്‍ ശ്രദ്ധിക്ക്’ എന്നാണ് പലരും പറയുന്നത്. പുറത്ത് നിന്ന് Dialoage അടിക്കാന്‍ എളുപ്പാണ്! ഞാന്‍ അവിടെ ഒരാളെ ഉപദ്രവിക്കില്ല എന്നത് അവിടെ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അറിയാം. പിന്നെ അവിടെ എന്താണ് നടന്നത് എന്ന് ആളുകള്‍ കണ്ടതും ആണ്.

ഞാന്‍ അവിടെ ഒരു പ്രശ്‌നത്തിനും പോകാതെ പഠിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരാളെ തല്ലുന്നത് കണ്ടപ്പോള്‍ പിടിച്ച് വെക്കാന്‍ പോയി എന്നത് മാത്രമാണ് അവിടെ ചെയ്തത്.

ഞാന്‍ കൃത്യമായി ക്ലാസ്സില്‍ പോകുന്ന, ക്ലാസ്സ് വര്‍ക്കുകള്‍ ചെയ്യുന്ന ഒരു വിദ്യാര്‍ഥി ആണ്.
ആ പണ്ടാരം പിടിച്ച സ്ഥലത്ത് നിന്ന് LLB എടുത്ത് വേഗം പോരുക എന്നത് മാത്രമാണ് എന്റെ ഉദ്ദേശം. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും പരീക്ഷകള്‍ എഴുതി എടുക്കുകയും ചെയ്യുന്നു.

സമാധാനമായി എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും പഠിക്കാന്‍ കഴിയുന്നില്ല. ഭീഷണികളും അതിക്രമണങ്ങളും കാരണം. ഈ സമാധാനത്തിന് വേണ്ടി ആണ് ഞങ്ങള്‍ അന്ന് പ്രതിഷേധിച്ചത്. അല്ലാതെ SFIയെ ഇല്ലാതാകാന്‍ അല്ല. അത് ബോധം ഉള്ളവര്‍ക്കു മനസിലാകും. ഇതൊക്കെ എങ്ങനെയാണ് ഞങ്ങളുടെ തെറ്റാകുന്നത്?

Violance is not our way and we will fight till the end.

Content Highlight: Allan Shuhaib about ragging complaint against him