സൗത്ത് ആഫ്രിക്കയില്‍ ബാറ്റ് ചെയ്യാന്‍ അവനെകൊണ്ട് മാത്രമേ സാധിക്കൂ: അലന്‍ ഡൊണാള്‍ഡ്
Sports News
സൗത്ത് ആഫ്രിക്കയില്‍ ബാറ്റ് ചെയ്യാന്‍ അവനെകൊണ്ട് മാത്രമേ സാധിക്കൂ: അലന്‍ ഡൊണാള്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st December 2023, 8:18 pm

സൗത്ത് ആഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കനത്ത പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഒരുപോലെ തകരുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ ബാറ്റിങ് തകര്‍ച്ചയെ കുറിച്ച് സംസാരിക്കുകയായിരുന്നു മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ അലന്‍ ഡൊണാള്‍. സൗത്ത് ആഫ്രിക്കന്‍ സാഹചര്യത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ ലോകത്ത് ഒരേയൊരു ബാറ്റര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ അത് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നാണ് താരം പറയുന്നത്.

അടുത്തിടെ പി.ടി.ഐയുമായുള്ള ഒരു ഇന്റര്‍വ്യൂവില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. സൗത്ത് ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ മറ്റേത് ബാറ്റര്‍മാരേക്കാളും സച്ചിന്‍ വിജയകരമായ ബാറ്റിങ് നടത്തിയിട്ടുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. പ്രോട്ടിയാസിനെതിരെ അവരുടെ തട്ടകത്തില്‍ മറ്റൊരു ഇന്ത്യന്‍ ബാറ്ററും അത്തരത്തിലൊരു പ്രകടനം കാഴ്ചവെച്ചിട്ടില്ല എന്നത് അമ്പരപ്പിക്കുന്നതാണ്.

‘ഞങ്ങള്‍ക്കെതിരെ നന്നായി കളിച്ചതില്‍ എനിക്ക് അറിയാവുന്ന ഒരേയൊരു വ്യക്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ്, അദ്ദേഹം മിഡില്‍ സ്റ്റമ്പില്‍ നില്‍ക്കാതെ ബാറ്റിങ്ങിനിടെ ഞങ്ങളെ ട്രിഗര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം മികച്ച രീതിയില്‍ പന്ത് ലീവ് ചെയ്തു,” ഡൊണാള്‍ഡ് പറഞ്ഞു.

”ഇത് യുദ്ധം ചെയ്യാന്‍ എളുപ്പമുള്ള സ്ഥലമല്ല. ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ കളിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇവിടെ. നിങ്ങളുടെ ഫൂട്ട് വര്‍ക്ക് 100 ശതമാനമല്ലെങ്കില്‍ നിങ്ങള്‍ കുഴപ്പത്തിലാണ്,” അലന്‍ ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.

1996 മുതല്‍ 2011 വരെയുള്ള സൗത്ത് ആഫ്രിക്കക്കെതിരെ അഞ്ച് പര്യടനങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദേശം 47 ശരാശരിയില്‍ 1161 റണ്‍സ് നേടിയിട്ടുണ്ട്. വളരെ അപൂര്‍വമായി മാത്രമേ അദ്ദേഹം ഡക്കിന് പുറത്തായത്. സച്ചിന്റെ ലെഗ് മൂവ്‌മെന്റും ഹെഡ് പൊസിഷനും അച്ചടക്കവുമാണ് പ്രോട്ടിയാസിനെതിരെ ടെസ്റ്റില്‍ 1000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. സച്ചിന്റെ ഈ രീതികളെകുറിച്ച് അലന്‍ ഡൊണാള്‍ഡ് ചര്‍ച്ചയില്‍ വിശദീകരിച്ചു.

സൗത്ത് ആഫ്രിക്കയുടെ അപകടകാരികളായ ബൗളര്‍മാരായ ഷോണ്‍ പൊള്ളോക്ക്, മഖായ എന്റിനി എന്നിവരുടെ പന്ത് നിയന്ത്രിക്കുന്നതില്‍ മികച്ച ഫൂട്ട് വര്‍ക്ക് സച്ചിനെ സഹായിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. ഇതോടെ നിലവില്‍ നടക്കുന്ന ടെസ്റ്റില്‍ രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ഡൊണാള്‍ഡ് എടുത്തു പറഞ്ഞു.

 

Content Highlight: Allan Donald says Sachin Tendulkar is the only Indian player who has performed well on South Africa tour