| Sunday, 15th December 2024, 8:05 am

ആള്‍ക്കൂട്ടത്തെ എഴുന്നേല്‍പ്പിക്കാന്‍ ശേഷിയുള്ള ബൗളറാണ് അവന്‍; ഇന്ത്യന്‍ ബൗളറെ പ്രശംസിച്ച് അലന്‍ ബോര്‍ഡര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ അരങ്ങേറുകയാണ്. ആദ്യ ദിനം മഴ മൂലം നിര്‍ത്തിവെച്ച മത്സരം രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ 42 ഓവര്‍ പിന്നിട്ട ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് നേടിയിട്ടുണ്ട്.

ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (21), നഥാന്‍ മെക്‌സ്വീനി (9) എന്നിവരെ പുറത്താക്കി ജസ്പ്രീത് ബുംറ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് മാര്‍നസ് ലബുഷാന്‍ (12) നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തിലും കൂടാരം കയറി.

കഴിഞ്ഞ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജ് മൂന്നാം ടെസ്റ്റിലും മിന്നും പ്രകടനം കാഴ്ചവെച്ച് വിക്കറ്റ് വീഴ്ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രണ്ടാം ദിനം ആദ്യ സെഷനില്‍ ബൗള്‍ ചെയ്യുമ്പോള്‍ അലന്‍ ബോര്‍ഡര്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ കുറിച്ച് സംസാരിച്ചിരുന്നു. താരത്തെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുകയും മികച്ച അഗ്രഷനുള്ള ബൗളറാണെന്നുമാണ് അലന്‍ പറഞ്ഞത്.

അലന്‍ ബോര്‍ഡര്‍ സിറാജിനെക്കുറിച്ച് പറഞ്ഞത്

‘അവന്‍ (മുഹമ്മദ് സിറാജ്) വിരാട് കോഹ്‌ലിയെപ്പോലെയാണ്. അവന് ആള്‍ക്കൂട്ടത്തെ എഴുന്നേല്‍പ്പിക്കാന്‍ കഴിയും, അവന്റെ ആക്രമണം എനിക്കിഷ്ടമാണ്. അവനെ ക്യാപ്റ്റന് എല്ലായിപ്പോഴും ആവശ്യമാണ്, ഒരു ഫാസ്റ്റ് ബൗളര്‍ ആക്രമണ മനോഭാവമുള്ളവനായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പയ്യന്‍ തളരുന്നില്ല, എനിക്ക് വളരെ ഇഷ്ടമുള്ള ഫാസ്റ്റ് ബൗളറായി തോന്നുന്നു,’ അലന്‍ ബോര്‍ഡര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

നിലവില്‍ ഓസീസിന് വേണ്ടി ക്രീസിലുള്ളത് സ്റ്റീവ് സ്മിത്തും (25*) ട്രാവിസ് ഹെഡുമാണ് (20*) ഇരുവരും മികച്ച ഇന്നിങ്‌സ് കളിച്ച് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുകയാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ പ്രയാസപ്പെടുന്ന കാഴ്ചയാണ് ഗാബയില്‍ കാണാന്‍ സാധിക്കുന്നത്.

Content Highlight: Allan Border Talking About Mohammad Siraj

We use cookies to give you the best possible experience. Learn more