| Sunday, 12th February 2023, 11:45 am

നാശം പിടിക്കാനായിട്ട്, ഇത്രത്തോളം വിഡ്ഢികളാകാന്‍ പറ്റുമോ? ജഡേജയെ അഭിനന്ദിച്ച സ്മിത്തിനെതിരെ സാക്ഷാല്‍ അലന്‍ ബോര്‍ഡര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മികച്ച സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനും ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യെ ടെസ്റ്റ് സാക്ഷ്യം വഹിച്ചിരുന്നു. തന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് തംബ്‌സ് അപ് നല്‍കിക്കൊണ്ട് പ്രശംസിച്ച സ്റ്റീവ് സ്മിത്തിന്റെ സ്‌പോര്‍ട്മാന്‍ സ്പിരിറ്റിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകമൊന്നാകെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ സ്മിത്തിന്റെ പ്രവര്‍ത്തിയില്‍ നീരസം പ്രകടിപ്പിച്ചവരും കുറവായിരുന്നില്ല. തന്നെ സമ്മര്‍ദ്ദത്തിലാക്കിയ ബൗളറെ അഭിന്ദിക്കുന്നതിലൂടെ സ്മിത് എന്താണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു ഇവരില്‍ പലരും ചോദിച്ചത്. മുന്‍ ഓസീസ് നായകനും ക്രിക്കറ്റ് ഇതിഹാസവുമായ അലന്‍ ബോര്‍ഡറും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

എന്ത് കാര്യത്തിനാണ് എതിരാളിയെ അഭിനന്ദിക്കുന്നതെന്നായിരുന്നു ബോര്‍ഡറിന്റെ ചോദ്യം. ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബോര്‍ഡര്‍ സ്മിത്തിനെതിരെ ആഞ്ഞടിച്ചത്.

‘അവര്‍ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് കുഴപ്പിക്കുമ്പോള്‍ നമ്മളവര്‍ക്ക് അഭിനന്ദനങ്ങളും തംബ്‌സ് അപ്പും നല്‍കുകയാണ്. എന്തൊരു പരിഹാസ്യമായ പ്രവര്‍ത്തിയാണിത്. അവര്‍ ഇത്രത്തോളം മണ്ടന്‍മാരാകാന്‍ പാടില്ലായിരുന്നു. നാശം പിടിക്കാന്‍, നമ്മളവര്‍ക്ക് തംബ്‌സ് അപ്പ് നല്‍കുകയാണ്,’ എന്നായിരുന്നു ബോര്‍ഡറിന്റെ പരാമര്‍ശം.

ആദ്യ ഇന്നിങ്‌സില്‍ സ്മിത്തിനെ പുറത്താക്കിയതും ജഡേജ തന്നെയായിരുന്നു. 107 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുള്‍പ്പെടെ 37 റണ്‍സ് നേടി നില്‍ക്കവെ ജഡേജ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

സ്മിത്തിന്റേതടക്കം അഞ്ച് വിക്കറ്റുകളാണ് ജഡേജ മത്സരത്തില്‍ പിഴുതെറിഞ്ഞത്.

അതേസമയം, ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനും വിജയിച്ചിരുന്നു. ഓസീസ് ഉയര്‍ത്തിയ സ്‌കോര്‍ മറികടന്ന ഇന്ത്യ 400 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തിരുന്നു. 223 റണ്‍സിന്റെ കടവുമായി കളത്തിലിറങ്ങിയ ഓസീസിന് രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.

ആദ്യ ഇന്നിങ്‌സില്‍ ജഡേജയായിരുന്നു ഓസീസിന്റെ അന്തകനായതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ ആ ഊഴം അശ്വിനായിരുന്നു. ഉസ്മാന്‍ ഖവാജയെ വിരാട് കോഹ്‌ലിയുടെ കൈകളിലെത്തിച്ചായിരുന്നു അശ്വിന്‍ തുടങ്ങിയത്. പിന്നാലെ വാര്‍ണര്‍, മാറ്റ് റെന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, അലക്‌സ് കാരി എന്നിവരെയും അശ്വിന്‍ മടക്കി.

ആദ്യ ടെസ്റ്റ് വിജയിച്ചതോടെ പരമ്പരയില്‍ 1-0 ലീഡ് സ്വന്തമാക്കാനും ഇന്ത്യക്കായി. ഫെബ്രുവരി 19നാണ് പരമ്പരയിലെ രണ്ടാം മത്സരം. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

Content Highlight: Allan Border slams Steve Smith

We use cookies to give you the best possible experience. Learn more