| Monday, 25th July 2022, 6:59 pm

ബാക്കി നായകന്‍മാര്‍ അത്തരത്തില്‍ ചെയ്തില്ല എന്ന് പറഞ്ഞാല്‍ അത് പച്ചകള്ളമായിരിക്കും: വാര്‍ണറെ പിന്തുണച്ച് മുന്‍ ഇതിഹാസ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്ത് ഒരുപാട് ചര്‍ച്ച ചെയ്തിരുന്ന കാര്യമായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രേഫ്റ്റ് എന്നീ താരങ്ങളുടെ ബോള്‍ ടാമ്പറിങ്ങ്. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിലായിരുന്നു സംഭവം നടന്നത്.

അന്നത്തെ സംഭവത്തിന് ശേഷം വാര്‍ണര്‍, നായകന്‍ സ്റ്റീവ് സ്മിത്, ബാന്‍ക്രോഫ്റ്റ് എന്നീ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ നിന്നും കുറച്ചുനാള്‍ സസ്‌പെന്‍ഷെന്‍ ലഭിച്ചിരുന്നു. വാര്‍ണര്‍, സ്മിത് എന്നിവര്‍ക്ക് ക്യാപ്റ്റന്‍ ആകുന്നതില്‍ നിന്നും ബാന്‍ ലഭിച്ചിരുന്നു. സ്മിത്തിന്റെ ബാന്‍ രണ്ട് വര്‍ഷം കഴിഞ്ഞ് നീക്കം ചെയ്തപ്പോള്‍ വാര്‍ണറിന് ലൈഫ് ടൈം ബാന്‍ നല്‍കുകയായിരുന്നു.

വാര്‍ണറിന്റെ ക്യാപ്റ്റന്‍സി ബാന്‍ നീക്കം ചെയ്യാന്‍ ബി.ബി.എല്‍ ടീമുകളും, ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമ്മിന്‍സും അദ്ദേഹത്തിന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ബാന്‍ നീക്കം ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ തയ്യാറായിട്ടില്ല.

ഇപ്പോഴിതാ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകനും ഇതിഹാസ താരവുമായിരുന്ന അലന്‍ ബോര്‍ഡര്‍.

ബോര്‍ഡര്‍ വാര്‍ണറെ പിന്തുണക്കുകയും ക്യാപ്റ്റന്‍സി വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം പന്ത് ചുരണ്ടല്‍ സംഭവത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

ഒരല്‍പം റിവേഴ്‌സ് സ്വിങ് കിട്ടാന്‍ പന്ത് ചുരുണ്ടുന്നതിന് എന്താണ് തെറ്റെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

‘നിങ്ങളുടെ കൈയില്‍ പന്ത് ലഭിക്കുകയും പന്ത് ചുരണ്ടുന്നതിലൂടെ നിങ്ങള്‍ക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കുകയും ചെയ്യുന്നുവെങ്കില്‍, അതില്‍ എന്താണ് തെറ്റ്?

ഇതൊരു മോശം ആശയമല്ല, കാരണം ഫ്‌ലാറ്റ് വിക്കറ്റുകളില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമാണ്. അല്ലാത്തപക്ഷം, സ്‌കോര്‍ ചെയ്യാന്‍ എളുപ്പമാണ്. റിസള്‍ട്ട് തരുന്ന ഗ്രൗണ്ടുകള്‍ തയ്യാറാക്കാന്‍ തുടങ്ങുമ്പോള്‍ അതാണ് സംഭവിക്കുന്നത്. കാരണം നല്ല കളിക്കാരെ ഫ്‌ലാറ്റ് ട്രാക്കുകളില്‍ പുറത്താക്കുന്നത് വളരെ ബുദ്ധിമുട്ടാണ്,’ അദ്ദേഹം പറഞ്ഞു.

വാര്‍ണറിന് ലഭിച്ച ശിക്ഷനടപടി കുറച്ചുകൂടുതലണെന്നും എല്ലാ ടീമുകളും ഇത് ചെയ്യാറുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ആദ്യം തന്നെ അദ്ദേഹത്തിന് ലഭിച്ചത് കഠിനമായ പെനാല്‍റ്റി ആയിരുന്നു. ഞങ്ങള്‍ പിടിക്കപ്പെട്ടതുപോലെ തന്നെ മറ്റെല്ലാ ടീമുകളും ഇത് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. എല്ലാ ക്യാപ്റ്റന്‍മാരും അവരുടെ ഹൃദയത്തില്‍ കൈ വെച്ചുകൊണ്ട്, ‘ഞാന്‍ ഇത്തരത്തില്‍ ചെയ്യില്ല’ എന്ന് പറഞ്ഞാല്‍ അവര്‍ നുണയാണ് പറയുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസീസിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് ബോര്‍ഡര്‍. 1987ല്‍ ലോകകപ്പ് നേടിയ ഓസീസ് ടീമിന്റെ നായകനാണ് ബോര്‍ഡര്‍.

Content Highlights: Allan Border backs David warner for ball tampering issues

We use cookies to give you the best possible experience. Learn more