കോഴിക്കോട്: ജയിലിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങി പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ച അലന്‍ ശുഹൈബും താഹ ഫസലും. സ്വന്തം അനുഭവത്തിന്റെയും മുമ്പ് ജയിലില്‍ കഴിഞ്ഞവരുടെ അനുഭവത്തിന്റെയും ഈ മേഖലയിലെ പഠനങ്ങളും മറ്റു കിട്ടാവുന്ന എല്ലാ സ്രോതസുകളെയും ആശ്രയിച്ച് ഒരു സ്വതന്ത്ര പഠനമാണ് ഉദ്ദേശിക്കുന്നതെന്ന് അലന്‍ ശുഹൈബ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇത് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കാനും, ജയിലിലെ പ്രത്യേകിച്ച് കേരളത്തിലെ ജയിലുകളുടെ അവസ്ഥ ജനങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ് വെക്കുകയുമാണ് ലക്ഷ്യമെന്നും അലന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
‘ജയില്‍ എന്നത് ഒരു മനുഷ്യനെ മാനസികമായും ശാരീരികമായും മറ്റു പല തരത്തിലും ബാധിക്കുന്ന ഒന്നാണ്. ഒട്ടനവധി അനാവശ്യ നിയമകുരുക്കുകളും, മറ്റു പ്രശ്‌നങ്ങളുമായി ജയില്‍ ഒരു നരകമായി അനുഭവപെട്ടിട്ടുണ്ട്.
ഞങ്ങളെക്കാള്‍ ദുരനുഭവമുള്ള മനുഷ്യരുടെ അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ട്. ഒരുപാട് മനുഷ്യാവകാശലംഘനങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഞങ്ങള്‍ ജയിലില്‍ കഴിഞ്ഞ കാലഘട്ടത്തില്‍ ഇത്തരം പല അനുഭവങ്ങളിലൂടെ കടന്നുപോവുകയുണ്ടായി. ഈ അനുഭവങ്ങള്‍ ഞങ്ങളെ ഒരുപാട് ചോദ്യങ്ങളിലേക്കാണ് നയിച്ചത്. Reformation എന്നത് എത്രത്തോളം നടക്കുന്നുണ്ട്?
രാഷ്ട്രിയ തടവുകാരുടെ Status എന്തുകൊണ്ട് KPR(Kerala Prison Rules)ല്‍ ഉള്‍പെടുത്തുന്നില്ല? തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ ഒരു ശ്രമം എന്ന നിലയില്‍ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് ഒരു പഠനം നടത്താന്‍ പോവുകയാണ്.
സ്വന്തം അനുഭവത്തിന്റെയും മുമ്പ് ജയിലില്‍ കഴിഞ്ഞവരുടെ അനുഭവത്തിന്റെയും ഈ മേഖലയിലെ പഠനങ്ങളും മറ്റു കിട്ടാവുന്ന എല്ലാ സ്രോതസുകളെയും ആശ്രയിച്ച് ഒരു സ്വതന്ത്ര പഠനമാണ് ഉദ്ദേശിക്കുന്നത്. ഇത് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കാനും, ജയിലിലെ പ്രത്യേകിച്ച് കേരളത്തിലെ ജയിലുകളുടെ അവസ്ഥ ജനങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ് വെക്കുകയുമാണ് ലക്ഷ്യം. ഇതിനായി നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സഹായവും ഉണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു,’ അലന്‍ ഫേസ്ബുക്കില്‍ എഴുതി.
2019 നവംബര്‍ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതി താഹ ഫസലിന് ഒക്ടോബര്‍ അവസാനം ജാമ്യം ലഭിച്ചിരുന്നു. സര്‍ക്കാരിനുള്ള തിരിച്ചടിയാണു സുപ്രീം കോടതി ഇടപെടലെന്നും സി.പി.ഐ.എമ്മിന്റെ ഒരു സഹായവും തനിക്കു ലഭിച്ചില്ലെന്നും താഹ പറഞ്ഞിരുന്നു. ഒന്നാം പ്രതി അലന്‍ ശുഹൈബിന് എന്‍.ഐ.എ കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
Content Highlights: Allan and Thaha set out to study human rights abuses in prison