| Wednesday, 27th July 2022, 8:24 am

ഗ്യാന്‍വാപി കേസ്: വാദം കേള്‍ക്കുന്നത് നീട്ടി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രയാഗ്‌രാജ്: ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കുന്നത് ആഗസ്റ്റ് മൂന്നിലേക്ക് മാറ്റി അലഹബാദ് ഹൈക്കോടതി. 1991ലെ ആരാധനാലയ നിയമത്തിന്റെ നിലനില്‍പ്പിനെ കുറിച്ചും ഹരജിയില്‍ ഉന്നയിച്ചിരുന്നു.

ഗ്യാന്‍വാപി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തെ ക്ഷേത്രം പുനസ്ഥാപിക്കണമെന്നതാണ് ഹിന്ദുത്വ വാദികള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഗ്യാന്‍വാപി മസ്ജിദ് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ഹിന്ദുത്വവാദികള്‍ ആരോപിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് കേസില്‍ ഹൈക്കോടതി വാദം പുനരാരംഭിച്ചത്.

1991ലെ ആരാധനാലയങ്ങള്‍ (പ്രത്യേക വ്യവസ്ഥകള്‍) നിയമത്തിലെ സെക്ഷന്‍ 4ലെ വ്യവസ്ഥകള്‍ പ്രകാരം സ്യൂട്ട് നിലനില്‍ക്കില്ലെന്നായിരുന്നു ഗ്യാന്‍വാപി മസ്ജിദിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്.എഫ്.എ നഖ്‌വി കോടതിയെ അറിയിച്ചിരുന്നു. 1947 ആഗസ്റ്റ് 15ന് ശേഷം ഒരു ആരാധനാലയം എങ്ങനെയായിരുന്നോ അത് തുടരണമെന്ന നിയമപ്രകാരം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തരുതെന്നും അത് നിലനില്‍ക്കില്ലെന്നും നഖ്‌വി കോടതിയെ അറിയിച്ചിരുന്നു.

ഏതെങ്കിലും സ്യൂട്ടിന്റെ നിലനില്‍പ്പില്‍ എതിര്‍പ്പ് ഉന്നയിക്കുന്ന ഒരു അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍, അത് ആദ്യം കീഴ്‌ക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അതിനുശേഷം കേസ് തുടരുമെന്നും നഖ്‌വി വാദിച്ചു.

1991ലായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നിരിക്കുന്ന പള്ളിയുടെ സ്ഥാനത്ത് പുരാതന കാലത്ത് ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. മുപ്പതു വര്‍ഷത്തോളം പഴക്കമുള്ള കേസിലാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലത്ത് ഇവിടെ സ്ഥിതി ചെയ്തിരുന്ന വിശ്വേശ്വര ക്ഷേത്രം പൊളിച്ചു പകരം പള്ളി പണിയുകയായിരുന്നുവെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് പളളി പണിതതെന്നും ഹരജിക്കാര്‍ പറയുന്നു.

ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയ സ്ത്രീകളാണ് ഹരജി സമര്‍പ്പിച്ചത്.

ബാബരി മസ്ജിദ് തകര്‍ത്തതുപോലെ ഗ്യാന്‍വാപിയും തകര്‍ക്കുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ രംഗത്തെത്തിയിരുന്നു.

‘ബാബരി മസ്ജിദ് തകര്‍ത്തപ്പോഴേ ഗ്യാന്‍വാപി പള്ളിയും തകര്‍ക്കപ്പെടുമെന്ന് മുസ്‌ലിങ്ങള്‍ മനസ്സിലാക്കണമായിരുന്നു. രാജ്യം ഏത് ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അവര്‍ മനസ്സിലാക്കണമായിരുന്നു. വിവാദപരമായ ഒരു മസ്ജിദും രാജ്യത്ത് ഞങ്ങള്‍ നിലനിര്‍ത്തില്ല, എല്ലാം തകര്‍ക്കും,’ എന്നായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം.

അതേസമയം കേസ് പരിഗണിച്ചിരുന്ന വാരണാസി ജില്ലാ ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

ഇന്നത്തെ വിഭജിത ഇന്ത്യയില്‍ നിയമ സംവിധാനങ്ങള്‍ പോലും കാവി നിറം സ്വീകരിച്ചിരിക്കുന്നു എന്നായിരുന്നു കത്തില്‍ പരാമര്‍ശിച്ചിരുന്നത്.

ഇസ്‌ലാമിക് അഗാസ് മൂവ്‌മെന്റിലെ കാശിഫ് അഹ്മദ് സിദ്ദിഖി എന്ന വ്യക്തിയാണ് കത്ത് അയച്ചതെന്ന് ജഡ്ജി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Allahabadh highcourt to resume hearing on gyanvapi case on august 3

We use cookies to give you the best possible experience. Learn more