| Wednesday, 14th February 2018, 6:12 pm

ദളിത് വിദ്യാര്‍ത്ഥിയുടെ കൊലപാതകം; മുഖ്യപ്രതിയെ പിടികൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: നിയമവിദ്യാര്‍ത്ഥിയായ സരോജിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ പിടികൂടി. റെയില്‍വെ ജീവനക്കാരനായ വിജയ് ശങ്കര്‍ സിങ്ങിനെയാണ് പിടികൂടിയത്. സരോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനപ്രതിയെ പിടികൂടിയിരിക്കുന്നത്.

പൊലീസിനെ വെട്ടിക്കാനായി ഫൈസാബാദ് അടക്കമുള്ള സ്ഥലങ്ങളില്‍ വിജയ് ശങ്കര്‍ സിങ്ങ് ഒളിച്ചു താമസിച്ചിരുന്നുവെന്നും സുല്‍ത്താന്‍പൂരില്‍വെച്ചാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.

സരോജിനെ വിജയ് ശങ്കര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സുല്‍ത്താനപൂരിലെ രാഷ്ട്രീയ ലോക്ദളിന്റെ നേതാവായ സോനു സിങുമായി വിജയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രതാപ്ഗഢ് സ്വദേശിയായ സരോജിനെ ഫെബ്രുവരി 9നാണ് നാല് യുവാക്കള്‍ ചേര്‍ന്ന് അലഹബാദിലെ ഒരു റസ്റ്റോറന്റില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥി ശനിയാഴ്ച മരിക്കുകയായിരുന്നു.

സരോജിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഹോക്കി സ്റ്റിക്ക്, ഇരുമ്പ് പൈപ്പ്, ഇഷ്ടിക തുടങ്ങിയവ ഉപയോഗിച്ച് നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം.

We use cookies to give you the best possible experience. Learn more