'ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യരുത്'; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി
national news
'ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യരുത്'; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th April 2023, 1:44 pm

അലഹബാദ്: ഗോവധ നിരോധന നിയമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ഗോവധ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതനായ നിസാമുദ്ദീന്‍ എന്നയാളുടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രംഗത്ത് വന്നത്.

നിയമത്തെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ജസ്റ്റിസ് മുഹമ്മദ് ഫൈസ് ആലം ഖാന്‍ പറഞ്ഞത്. നിസാമുദ്ദീനെതിരായ കേസില്‍ ശരിയായ രീതിയിലല്ല കേസന്വേഷണം നടന്നതെന്നും
ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

‘ശരിയായ അന്വേഷണം നടത്തുകയെന്നത് ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ കേസില്‍ അങ്ങനെയൊന്ന് നടന്നതായി തോന്നുന്നില്ല,’ കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശവും നല്‍കി.

യു.പി ഗോവധ നിരോധന നിയമത്തിലെ 3,5,8 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നിസാമുദ്ദീനെതിരെ കേസെടുത്തിരുന്നത്. 2022 ആഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദം.

ജമാല്‍ എന്നയാളുടെ കരിമ്പ് പാടത്ത് വെച്ച് പശുവിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് പശുവിനെ കെട്ടാനുപയോഗിച്ച കയറും ചാണകവുമാണ് തെളിവുകളായി പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. കുറച്ച് പ്രദേശവാസികളുടെ മൊഴികളും തെളിവായി പൊലീസ് സ്വീകരിച്ചിരുന്നു.

അധികൃതര്‍ ചാണകം പരിശോധനക്കായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. എന്നാല്‍ അവിടെ
പരിശോധിക്കാന്‍ കഴിയില്ലെന്നറിയിയിച്ച് ലാബ് അധികൃതര്‍ ചാണകം തിരിച്ചയച്ചിരുന്നു.

യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത ആളാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നസീമുദ്ദീന് ജാമ്യം അനുവദിച്ചത്. നേരത്തെയും ഗോവധ നിരോധനവുമായി ബന്ധപ്പെട്ട കേസുകളില്‍ സമാന നിരീക്ഷണവുമായി കോടതി രംഗത്തെത്തിയിരുന്നു.

Content Highlights: allahabad high court slams up government over cow slaughtering law