ലക്‌നൗ: കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതി. സര്‍ക്കാര്‍ പ്രതിരോധത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
48 മണിക്കൂറിനുള്ളില്‍ കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലയിലും മൂന്നംഗ സമിതിയെ നിയോഗിക്കണമെന്നും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്ത നിരക്ഷരരായ ഗ്രാമീണര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ട കാര്യത്തില്‍ തീരുമാനമാക്കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ്മ, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
നിലവില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് യു.പി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലം വിശ്വസനീയമല്ലെന്നും കോടതി പറഞ്ഞു.
ഇതുസംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കോടതി നേരത്തെ നിയോഗിച്ച ജുഡീഷ്യല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലമെന്നും കോടതി പറഞ്ഞു.
‘2021 ഏപ്രില്‍ 19 നും 2021 മെയ് 2 നും ഇടയിലുള്ള മരണങ്ങളുടെ കണക്കുകള്‍ സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി. ഗോരഖ്പൂര്‍, ലഖ്നൗ, പ്രയാഗ് രാജ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിക്കുകയാണെങ്കില്‍ മരണനിരക്കിന്റെ ചിത്രം ഇനിയും ഭയാനകമായിരിക്കും. നോഡല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം ഒരു തീരുമാനമെടുക്കും’, ബെഞ്ച് വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ കൊവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ന്യായമായ പരിഹാരം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
30 ലക്ഷം രൂപ വീതം മരിച്ച ഉദ്യോസ്ഥരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു യു.പി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് വളരെ കുറഞ്ഞ തുകയാണെന്നും അതിനാല്‍ ഒരു കോടി രൂപയെങ്കിലും ധനസഹായമായി നല്‍കണമെന്നും കോടതി ആവശ്യപ്പെടുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക