ലഖ്‌നൗ: ലൈംഗികാതിക്രമങ്ങളില് നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമപ്രകാരം രജിസ്റ്റര് ചെയ്ത കേസുകളില് വനിതാ അഭിഭാഷകരെ നിയമിക്കണമെന്ന് നിര്ദേശം. അലഹബാദ് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച നിര്ദേശം ലീഗല് സര്വീസസ് കമ്മിറ്റിക്ക് നല്കിയത്.
ഇങ്ങനെയുള്ള കേസുകളില് അതിക്രമം നേരിട്ട കുട്ടികളെ പ്രതിനിധീകരിക്കാന് ലീഗല് സര്വീസസ് കമ്മിറ്റി അഭിഭാഷകരെ നിയമിച്ചിട്ടുണ്ട്. എന്നാല് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികള്ക്ക് വേണ്ടി പോക്‌സോ കേസുകളില് ഹാജരാകുന്നത് വളരെ കുറച്ച് വനിതാ അഭിഭാഷകര് മാത്രമാണെന്നാണ് ജസ്റ്റിസ് അജയ് ഭാനോട്ടിന്റെ നിരീക്ഷണം.
‘ഇത്തരം സാഹചര്യങ്ങളില്, അവരെ പ്രതിനിധീകരിക്കാന്, പ്രത്യേകിച്ച് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളായിരിക്കുമ്പോള്, വനിതാ അഭിഭാഷകയെ നിയമിക്കാന് കമ്മിറ്റിയോട് അഭ്യര്ത്ഥിക്കുന്നു,’ ജസ്റ്റിസ് അജയ് ഭാനോട്ട് പറഞ്ഞു. സംസാരശേഷിയില്ലാത്ത പ്രായപൂര്ത്തിയാകാത്ത, ദളിത് പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത കേസില് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള് നടത്തിയത്. ഐ.പി.സി സെക്ഷന് 376, പോക്സോ നിയമം, പട്ടികജാതി-പട്ടികവര്ഗങ്ങള്ക്കെതിരെയുള്ള അതിക്രമങ്ങള് തടയല് എന്നിവ പ്രകാരം ബലാത്സംഗത്തിന് കേസെടുത്ത ഒരു ഹരജിക്കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു സിംഗിള് ബെഞ്ച്.