| Monday, 26th October 2020, 3:28 pm

എന്തുമാംസം കിട്ടിയാലും പശുവിറച്ചിയാണെന്ന് പറഞ്ഞ് യു.പിയില്‍ നിരപരാധികളെ കുടുക്കുകയാണ്; ഗോവധ നിരോധന നിയമത്തില്‍ അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ പതിവായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. 1955ലെ ഗോവധ നിരോധന നിയമപ്രകാരം നിരവധി നിരപരാധികളാണ് പ്രതികളാക്കപ്പെടുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് എന്നിവ പ്രകാരം ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ റഹ്മുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് സിദ്ധാര്‍ത്ഥ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് പരാമര്‍ശമെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘നിരപരാധികളെ കുടുക്കാനും നിയമം ഉപയോഗിക്കപ്പെടുന്നുണ്ട്. എന്ത് മാംസം കിട്ടിയാലും യാതൊരു പരിശോധനയും കൂടാതെ അത് പശുവിറച്ചിയാണെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പല കേസുകളിലും ഇറച്ചി പരിശോധനയ്ക്കായി അയക്കപ്പെടുന്നില്ല. പലപ്പോഴും ഒരു തെറ്റും ചെയ്യാത്തവരുടെ കൈവശമുണ്ടായിരുന്നത് എന്താണെന്ന് പരിശോധിക്കപ്പെടാത്തത് കൊണ്ട് മാത്രം ഏഴ് വര്‍ഷത്തോളം ജയിലില്‍ കിടക്കും,’ കോടതി പറഞ്ഞു.

വഴിയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ വീണ്ടെടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നും കോടതി നരീക്ഷിച്ചു.

‘അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ വീണ്ടെടുക്കാന്‍ ഉത്തരിവിടുന്നുണ്ടെങ്കിലും അത് കൃത്യമായി നടക്കുന്നില്ല. വീണ്ടെടുക്കുന്ന പശുക്കള്‍ പിന്നീട് എങ്ങോട്ട് പോകുന്നു എന്നതിനെക്കുറിച്ചുള്ള കണക്കുമില്ല. പാല്‍ ചുരത്താത്തതും പ്രായം ചെന്നതുമായ പശുക്കളെ ഗോശാലകളില്‍ സംരക്ഷിക്കാത്തതിനാല്‍ ഇവ റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ്.

ഇവ ഓവുചാലിലെ മലിന ജലം കുടിക്കുകയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കഴിക്കുകയും ചെയ്യുന്നു. മാത്രമല്ല, ട്രാഫിക്ക് ബ്ലോക്കുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ മേച്ചില്‍ പുറങ്ങളൊന്നുമില്ലാത്തതിനാല്‍ ഇവ കൃഷി നശിപ്പിക്കുകയും ചെയ്യുന്നു,’ കോടതി നിരീക്ഷിച്ചു.

പണ്ടൊക്കെ വിള നശിപ്പിക്കുന്ന ജീവിയെയായിരുന്നു പേടിയെങ്കില്‍ ഇപ്പോള്‍ പേടി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെയാണെന്നും അദ്ദേഹം പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Allahabad High Court says that Cow Slaughter Act is misused in U P

We use cookies to give you the best possible experience. Learn more