| Sunday, 15th September 2024, 7:44 am

ഹിന്ദു വിവാഹത്തെ കരാറായി പരിഗണിച്ച് എളുപ്പത്തില്‍ വേര്‍പ്പെടുത്താനാകില്ല: അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഹിന്ദു വിവാഹം എളുപ്പത്തില്‍ വേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദു വിവാഹത്തിന്റെ പവിത്രത മൂലം നിയമപ്രകാരം ബന്ധം വേര്‍പ്പെടുത്താന്‍ പരിമിതമായ സാഹചര്യങ്ങളിൽ മാത്രമേ പറ്റുകയുള്ളുവെന്നും കോടതി പറഞ്ഞു.

വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹരജി പരിഗണിക്കവേയാണ് പരാമര്‍ശം. ജസ്റ്റിസുമാരായ സൗമിത്ര ദയാല്‍ സിങ്, ഡൊണാദി രമേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഒരു കരാറിന് സമാനമായി ഹിന്ദു വിവാഹങ്ങളെ പരിഗണിക്കരുത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഹിന്ദു വിവാഹങ്ങൾ വേര്‍പ്പെടുത്താന്‍ കഴിയുകയുള്ളുവെന്നും കോടതി പറഞ്ഞു.

പരസ്പര സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിച്ചാല്‍ത്തന്നെ കോടതി അന്തിമ വിധി പറയുംവരെ ഈ കാഴ്ചപ്പാട് നിലനിര്‍ത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്തിമ വിധി പറയുന്നതിന് മുന്നോടിയായി വിവാഹമോചത്തിനുള്ള സമ്മതത്തിൽ മാറ്റം വരുത്തുന്നത് നീതിയെ പരിഹസിക്കുന്നതിന് തുല്യമായിരിക്കുമെന്നും കോടതി പറഞ്ഞു.

2011ല്‍ ബുലന്ദ്ഷഹറിലെ അഡീഷണല്‍ ജില്ലാ ജഡ്ജി തന്റെ പങ്കാളിയ്ക്ക് അനുകൂലമായി പുറപ്പെടുവിച്ച വിവാഹമോചന വിധിക്കെതിരെയാണ് യുവതി അപ്പീല്‍ നല്‍കിയത്. 2006 ഫെബ്രുവരി രണ്ടിനാണ് ഇരുവരും വിവാഹിതരായത്.

സൈനികനായ യുവാവുമായുള്ള വിവാഹബന്ധം 2007ല്‍ യുവതി സ്വമേധയാ വേര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ വിവാഹമോചനം കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ യുവതി രേഖാമൂലം നല്‍കിയ മൊഴികളില്‍ മാറ്റം വരുത്തുകയായിരുന്നു.

തുടര്‍ന്ന് യുവതിക്ക് അനുകൂലമായി വിവാഹബന്ധം തുടരാൻ കോടതി ആവശ്യപ്പെട്ടെങ്കിലും, ഇവരെ ഒപ്പം നിര്‍ത്താന്‍ യുവാവ് വിസമ്മതിച്ചതിനാല്‍ വിവാഹമോചനം അനുവദിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് സൈനിക മേധാവികളുമായി നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഇരുവരും ബന്ധം തുടരാന്‍ തീരുമാനിച്ചു.

പക്ഷെ ആദ്യം നൽകിയ മൊഴിയിൽ യുവതി മാറ്റം വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കോടതി യുവാവിന് വിവാഹമോചനം അനുവദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

Content Highlight: Allahabad High Court says Hindu marriage cannot be dissolved easily

We use cookies to give you the best possible experience. Learn more