വിവാഹം കഴിക്കുന്നതും ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കുന്നതും വ്യക്തിയുടെ അവകാശം: അലഹബാദ് ഹൈക്കോടതി
national news
വിവാഹം കഴിക്കുന്നതും ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കുന്നതും വ്യക്തിയുടെ അവകാശം: അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2024, 3:31 pm

ലഖ്നൗ: പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാനും ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാനും അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം വിവാഹം കഴിക്കാനോ ഇഷ്ടമുള്ള വ്യക്തിയുമായി ജീവിക്കാനോ ഉള്ള പ്രായപൂര്‍ത്തിയായ വ്യക്തിയുടെ അവകാശം സംരക്ഷിക്കപ്പെടുമെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു.

നാസിയ അന്‍സാരി കേസിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. സ്വന്തം ഇഷ്ടപ്രകാരം ഒരു വ്യക്തിയെ കല്യാണം കഴിച്ച മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഇരുപത്തൊന്നുകാരിയുടെ ഹരജിയിലാണ് ഉത്തരവ്.

21 കാരിയായ യുവതി സ്വന്തം ഇഷ്ട്ടത്തിനു മറ്റൊരാളെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന്, യുവതിയുടെ അമ്മാവന്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

തന്റെ ഭര്‍ത്താവിനെതിരെ കേസെടുത്തതില്‍ യുവതി കോടതിയെ സമീപിച്ചു. തന്നെ അമ്മാവന്‍ കൊല്ലാന്‍ സാധ്യതയുണ്ടെന്നും ജീവനില്‍ ഭയമുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടും മജിസ്ട്രേറ്റ് യുവതിയെ അമ്മാവന്റെ കൂടെ പറഞ്ഞയക്കുകയായിരുന്നു.

പിന്നീട് ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയെ അമ്മാവന്റെ വീട്ടിലേക്ക് തിരിച്ചയക്കാനുള്ള മജിസ്ട്രേറ്റിന്റെ ഉത്തരവില്‍ കോടതി പിഴവുകള്‍ കണ്ടെത്തുകയും എഫ്.ഐ.ആര്‍ റദ്ദാക്കുകയുമായിരുന്നു.

കൂടാതെ, ഹരജിക്കാരിക്ക് ഇഷ്ടമുള്ള സ്ഥലത്തെല്ലാം പോകാന്‍ കഴിയുന്നുണ്ടെന്നും അമ്മാവനില്‍ നിന്നോ മറ്റോ ഒരു ഭീഷണിയുമില്ലാതെ അവര്‍ക്ക് ജീവിക്കാന്‍ പറ്റുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഉത്തരവിടുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം സമാനമായ ഒരു വിധിയില്‍, പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനും ജീവിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും അവരുടെ അവകാശത്തില്‍ ഇടപെടാന്‍ മാതാപിതാക്കള്‍ക്കെന്നല്ല ആര്‍ക്കും കഴിയില്ലെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: Allahabad high court says adults free to marry, live with person of their choice