| Thursday, 4th August 2022, 1:05 pm

കാപ്പന്റെ മോചനം നീളുന്നു: ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹാത്രസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റുചെയ്യപ്പെട്ട മലയാള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈകോടതി തള്ളി. ജസ്റ്റിസ് കൃഷ്ണ പഹല്‍ അടങ്ങിയ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. കാപ്പന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഐ.ബി. സിങ്, ഇഷാന്‍ ഭഗല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയിലേക്ക് പോകും. ഹാത്രസ് ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലായിരുന്നു യുപി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതത്.

ദല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ച് 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു സദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. 22 മാസമായി തടവിലാണ് സിദ്ദിഖ് കാപ്പന്‍. 2021 ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു.

സിദ്ദീഖ് കാപ്പന്‍

മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സിദ്ദീഖ് കാപ്പന് കൊവിഡ് ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാപ്പനെ ചികിത്സക്കായി ദല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം വിദഗ്ധ ചികിത്സക്കായി ദല്‍ഹിയില്‍ എത്തിച്ച സിദ്ദീഖ് കാപ്പനെ പൊലീസ് രഹസ്യമായി ജയിലിലേക്ക് തന്നെ കൊണ്ടുപോകുകയായിരുന്നു.

അതേസമയം, കാപ്പനൊപ്പം ഉണ്ടായിരുന്ന രണ്ട് ക്യാമ്പസ് ഫ്രണ്ട് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കതിരെയുള്ള കേസ് നേരത്തെ റദ്ദാക്കിയിരുന്നു. അതീഖ് റഹ്‌മാന്‍, ആലം, മസൂദ് എന്നിവരായിരുന്നു കാപ്പനൊപ്പം ഈ കേസില്‍ അറസ്റ്റിലായിരുന്നവര്‍. സിദ്ദീഖ് കാപ്പനും കൂടെ യാത്ര ചെയ്തവരും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ ഹാജാരാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

CONTENT HIGHLIGHTS: Allahabad High Court rejected the bail plea of ​​Malayalam journalist Siddique Kappan

We use cookies to give you the best possible experience. Learn more