| Saturday, 2nd September 2023, 1:00 pm

വിവാഹത്തെ നശിപ്പിക്കാനുള്ള വ്യവസ്ഥാപിത രൂപകല്പനയാണ് ലിവിങ് ടുഗദർ ബന്ധങ്ങൾ: അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: വിവാഹത്തെ നശിപ്പിക്കാനുള്ള വ്യവസ്ഥാപിതമായ രൂപകല്പനയാണ് ലിവിങ് ടുഗദർ ബന്ധങ്ങളെന്നും ഇത് രാജ്യത്തിൻറെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുമെന്നും അലഹബാദ് ഹൈക്കോടതി. ലിവ്-ഇൻ പങ്കാളിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കുമ്പോഴാണ് ജസ്റ്റിസ് സിദ്ധാർഥ് ലിവിങ് ടുഗദർ ബന്ധങ്ങളെ കുറിച്ച് പരാമർശിച്ചത്.

ഇന്ത്യ പോലൊരു രാജ്യത്ത് മധ്യവർഗ്ഗ ധാർമികതയെ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിൻറെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങൾ മധ്യവർഗ്ഗത്തെ ആശ്രയിച്ചാണിരിക്കുന്നത്. പുരുഷന്മാർക്ക് ലിവിങ് ടുഗദർ ബന്ധങ്ങളിൽ നിന്ന് പുറത്ത് വന്ന് മറ്റൊരു പങ്കാളിയെ കണ്ടെത്താനോ വിവാഹം ചെയ്യാനോ പ്രയാസമില്ലെങ്കിലും സ്ത്രീകൾക്ക് മറ്റൊരു വിവാഹം കഴിക്കുന്നത് എളുപ്പമല്ലെന്നും കോടതി പറഞ്ഞു.

വിവാഹം നൽകുന്ന സുരക്ഷിതത്വവും സാമൂഹിക അംഗീകാരവും സ്ഥിരതയും ഇത്തരം ബന്ധങ്ങൾക്ക് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ കോടതി ഋതുക്കൾ മാറുന്നതിനനുസരിച്ച് പങ്കാളികളെ മാറ്റുന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണമല്ലെന്നും വ്യക്തമാക്കി.

‘വികസിത രാജ്യങ്ങളിൽ വിവാഹജീവിതം സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്നതിന് സമാനമായി നമ്മുടെ രാജ്യത്ത് വൈവാഹിക ജീവിതം കാലഹരണപ്പെട്ട് പോയാൽ മാത്രമേ ലിവിങ് ടുഗദറിനെ പരിഗണിക്കേണ്ടതുള്ളൂ,’ ജസ്റ്റിസ് സിദ്ധാർഥ് പറഞ്ഞു. സമാന രീതി തുടരുകയാണെങ്കിൽ ഭാവിയിൽ വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നതിലേക്കാണ് നമ്മൾ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വിവാഹങ്ങൾ തകർക്കുന്നതിൽ സിനിമകൾക്കും സീരിയലുകൾക്കും പങ്കുണ്ട്. വൈവാഹിക ബന്ധത്തിൽ പങ്കാളിയോട് വിശ്വാസവഞ്ചന കാണിക്കുന്നതും ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്നതും പുരോഗമന സമൂഹത്തിന്റെ അടയാളങ്ങളാണെന്ന് അവ തെറ്റിദ്ധരിപ്പിക്കുന്നു. ദീർഘ കാല പരിണിത ഫലങ്ങളെ കുറിച്ച് അവബോധമില്ലാതെ യുവജനങ്ങൾ അത്തരം ഫിലോസഫികളിൽ ആകൃഷ്ടരാകുന്നു,’ കോടതി പറഞ്ഞു.

ഇത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾ ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
‘ലിവ്-ഇൻ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾ, അവരുടെ മാതാപിതാക്കൾ വേർപിരിയുമ്പോൾ സമൂഹത്തിന് ഭാരമായി മാറുന്നു. അവർ മോശം കൂട്ടുകെട്ടുകളിൽ അകപ്പെടുകയും രാജ്യത്തിന് മികച്ച പൗരന്മാരെ നഷ്ടമാകുകയും ചെയ്യുന്നു. ലിവിങ് ടുഗദർ ബന്ധങ്ങളിൽ പെൺകുട്ടികളാണ് ജനിക്കുന്നതെങ്കിൽ വിവരിക്കാനാകാത്ത വേറെയും പ്രശ്നങ്ങളുണ്ട്,’ ജസ്റ്റിസ് സിദ്ധാർഥ് പറഞ്ഞു.

19 വയസ്സുകാരിയുടെ പരാതിയിൽ ഏപ്രിലിലാണ് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ അദ്നാൻ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ഒരു വർഷം ഒരുമിച്ച് ജീവിച്ചു. പെൺകുട്ടി ഗർഭിണിയായപ്പോൾ പ്രതി വിവരം കഴിക്കാൻ വിസമ്മതിക്കുകയും തുടർന്ന് പെൺകുട്ടി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതി നൽകുകയുമായിരുന്നു.

ഏതാനും ദിവസങ്ങൾ ഒന്നിച്ച് താമസിച്ചാൽ അപ്പോഴേക്ക് അത് ‘ലിവിംഗ് ടുഗദർ’ ആകില്ലെന്നും വിവാഹത്തിന് പകരമായി വരുന്ന ലിവിംഗ് ടുഗദറിന് അതിന്റേതായ ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഉണ്ടെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. മറ്റൊരു കേസിൽ, ഇത്തരം ബന്ധങ്ങളെ അംഗീകരിച്ചുകൊണ്ട് ശ്രദ്ധേയമായ വിധിയും പഞ്ചാബ്-ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു.

Content Highlight: Allahabad HC slams live-in relationships

We use cookies to give you the best possible experience. Learn more